ലോക കേരളസഭ തുടരില്ലെന്ന് സർക്കാർ; നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

ലോക കേരളസഭ തുടരില്ലെന്ന യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സംഘടിപ്പിച്ച രീതിയിൽ ലോക കേരളസഭ തുടർന്നും നടത്തുന്നത് നിലവിലെ സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ലോക കേരളസഭയുടെ ആറാമത് എഡിഷനായി പുതിയ സർക്കാർ ഒരു രൂപ പോലും ബജറ്റിൽ വകയിരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ലോക കേരളസഭ സെക്രട്ടേറിയറ്റിന്റെ നിലവിലുള്ള ഓഫീസിന്റെ അഡ്മിനിസ്ട്രേറ്റീവ് ചെലവുകൾക്കും നോർക്ക വഴി സംഘടിപ്പിക്കുന്ന ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉൾപ്പെടെയുള്ള അത്യാവശ്യ പരിപാടികൾക്കും മാത്രമാണ് നിലവിൽ തുക അനുവദിച്ചിട്ടുള്ളത്.

പ്രവാസി ക്ഷേമ പദ്ധതികൾക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിവിധ പ്രവാസി ക്ഷേമ നിർദേശങ്ങൾ പ്രാവർത്തികമാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കായും സർക്കാർ തുക നീക്കിവച്ചിട്ടുണ്ട്.

അതേസമയം, ലോക കേരളസഭയുടെ തുടർ നടത്തിപ്പുമായി ബന്ധപ്പെട്ട് നേരത്തെ ഉയർന്നിരുന്ന ചർച്ചകൾക്കിടെയാണ് സർക്കാരിന്റെ നിലപാട് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക