എക്സൈസ് രജിസ്റ്റർ ചെയ്ത കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ജാമ്യം അനുവദിച്ചത്. വയനാട് വാഴവറ്റയിലെ കുടുംബവീട്ടിൽ നിന്ന് പരിധിയിൽ കൂടുതൽ വിദേശമദ്യവും വൈനും ഉൾപ്പെടെ ഏകദേശം 67 ലിറ്റർ മദ്യം എക്സൈസ് സംഘം പിടിച്ചെടുത്ത കേസിലാണ് ജാമ്യം ലഭിച്ചത്.
നേരത്തെ സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചത്.
മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം. തനിക്കെതിരെ ഗൂഢാലോചന നടക്കുകയാണെന്നും വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കങ്ങളുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. വീട് തന്റെ പേരിലല്ലെന്നും, കേസിൽപ്പെട്ട് കിടക്കുന്നതാണെന്നും കോടതി അറ്റാച്ച്മെന്റിന്റെ പരിഗണനയിലുള്ളതിനാൽ തന്റെ പേരിൽ കേസെടുക്കാനാകില്ലെന്നും ആന്റോ അഗസ്റ്റിൻ സുൽത്താൻ ബത്തേരി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വാദിച്ചിരുന്നു.
നിലവിൽ മാനന്തവാടി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആന്റോ അഗസ്റ്റിന് കോടതി ഉത്തരവ് ലഭിക്കുന്നതോടെ ജയിൽ നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാനാകും. ഇന്ന് തന്നെ അദ്ദേഹം ജയിൽ മോചിതനായേക്കുമെന്നാണ് കരുതുന്നത്.
