ചൂതാട്ട ആരോപണം; റിസ്വാന് പരസ്യമായി സംസാരിക്കാൻ പിസിബിയുടെ വിലക്ക്

പാകിസ്ഥാൻ ക്രിക്കറ്റിലെ സീനിയർ താരം മുഹമ്മദ് റിസ്വാനെതിരായ അന്വേഷണത്തിൽ പുതിയ വഴിത്തിരിവ്. ഓൺലൈൻ വാതുവയ്പ്പ്, ചൂതാട്ടം, അഴിമതി തുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തെക്കുറിച്ച് പരസ്യമായി പ്രതികരിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) റിസ്വാന് അനുമതി നൽകിയില്ലെന്നാണ് റിപ്പോർട്ട്. പിസിബിയുടെ അനുമതിക്കായി റിസ്വാൻ രണ്ടുതവണ അപേക്ഷിച്ചെങ്കിലും രണ്ടുതവണയും നിരസിച്ചതായി പാകിസ്ഥാനിലെ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.

പാകിസ്ഥാൻ ദേശീയ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻസിസിഐഎ) നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് റിസ്വാനെയും ഇമാം-ഉൽ-ഹഖിനെയും ചോദ്യം ചെയ്തത്. ഇംഗ്ലണ്ട് പര്യടനത്തിനിടെ ലോർഡ്സ് ടെസ്റ്റിന് ശേഷം ഇരുവരുടെയും മൊബൈൽ ഫോണുകൾ അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്തിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം ഇരുവരെയും ചോദ്യം ചെയ്തതായും റിപ്പോർട്ടുണ്ട്.

അന്വേഷണത്തിൽ മൊബൈൽ ഫോണുകളിലെ സന്ദേശങ്ങൾ, കോൺടാക്ടുകൾ, മറ്റ് ഡിജിറ്റൽ വിവരങ്ങൾ എന്നിവയ്ക്കൊപ്പം സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഡ്രസിങ് റൂമിൽ നിന്നുള്ള വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാണെന്നാണ് റിപ്പോർട്ട്. എന്നാൽ ഇരുവർക്കുമെതിരെ അന്തിമ കണ്ടെത്തലുകളൊന്നും എൻസിസിഐഎ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

തനിക്കെതിരായ ആരോപണങ്ങളിൽ തന്റെ ഭാഗം പൊതുജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാനാണ് റിസ്വാൻ പിസിബിയുടെ അനുമതി തേടിയതെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. പിസിബിയെ കുറ്റപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയല്ല, സംഭവങ്ങളുടെ വിശദാംശങ്ങളും തന്റെ നിലപാടും വ്യക്തമാക്കാനാണ് ശ്രമിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര കരാറിലെ 4.1 വകുപ്പ് പ്രകാരം ഇത്തരം വിഷയങ്ങളിൽ പരസ്യമായി പ്രതികരിക്കുന്നതിന് ബോർഡിന്റെ അനുമതി ആവശ്യമാണ്.

അതേസമയം, എൻസിസിഐഎയുടെ നടപടിക്കെതിരെ റിസ്വാൻ ലാഹോർ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. തനിക്കെതിരായ ആരോപണങ്ങളുടെ വ്യക്തമായ വിവരങ്ങൾ നൽകിയിട്ടില്ലെന്നും അന്വേഷണ ഏജൻസിയുടെ അധികാരപരിധിയെക്കുറിച്ച് സംശയമുണ്ടെന്നും അദ്ദേഹം ഹർജിയിൽ ഉന്നയിച്ചു. എന്നാൽ റിസ്വാന്റെ ഹർജി ലാഹോർ ഹൈക്കോടതി തള്ളുകയായിരുന്നു.

അന്വേഷണം പൂർത്തിയാക്കിയ ശേഷമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും റിസ്വാന്റെയും ഇമാം-ഉൽ-ഹഖിന്റെയും കാര്യത്തിൽ പിസിബി തുടർനടപടി സ്വീകരിക്കുകയെന്നാണ് റിപ്പോർട്ടുകൾ.

മറുപടി രേഖപ്പെടുത്തുക