പണം, സ്വർണം, ഭൂമി, നിക്ഷേപ രേഖകൾ; NIMS ഡെപ്യൂട്ടി സൂപ്രണ്ടിന്റെ സ്വത്തുക്കളിൽ എസിബി പരിശോധന

ഹൈദരാബാദിലെ നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (NIMS) ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നോറി ലക്ഷ്മി ഭാസ്‌കറിന്റെ വസതിയിലും ഓഫീസിലും തെലങ്കാന അഴിമതി വിരുദ്ധ ബ്യൂറോ (ACB) റെയ്ഡ് നടത്തി. അനധികൃതമായി വൻതോതിൽ സ്വത്ത് സമ്പാദിച്ചതായുള്ള വിവരങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് റിപ്പോർട്ട്.

എറഗദ്ദയിലെ ‘കൽപ്പതരുവ് അപ്പാർട്ട്‌മെന്റ്സിലുള്ള’ ഡോ. ലക്ഷ്മി ഭാസ്‌കറിന്റെ വസതിക്ക് പുറമെ കുടുംബാംഗങ്ങൾ, ബന്ധുക്കൾ, അടുത്ത സുഹൃത്തുക്കൾ എന്നിവരുമായി ബന്ധപ്പെട്ട 13ഓളം സ്ഥലങ്ങളിലും എസിബി സംഘങ്ങൾ ഒരേസമയം പരിശോധന നടത്തി.

ഏകദേശം 20 വർഷമായി എൻഐഎംഎസിൽ വിവിധ തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന ഡോ. ലക്ഷ്മി ഭാസ്‌കർ കഴിഞ്ഞ അഞ്ച് വർഷമായി ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെയുള്ള സുപ്രധാന ചുമതലകൾ വഹിച്ചുവരികയാണ്. മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിലും ഭരണപരമായ തീരുമാനങ്ങളിലുമടക്കം നേരത്തെ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്.

നിലവിൽ തുടരുന്ന പരിശോധനയിൽ വൻതോതിൽ പണം, സ്വർണാഭരണങ്ങൾ, ആഡംബര കെട്ടിടങ്ങൾ, ഭൂമി എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. വിവിധ ബിസിനസുകളിലെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട രേഖകളും എസിബി ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. റെയ്ഡ് പൂർത്തിയായ ശേഷമേ പിടിച്ചെടുത്ത സ്വത്തുക്കളുടെയും രേഖകളുടെയും വിശദാംശങ്ങൾ വ്യക്തമാകൂ.

മറുപടി രേഖപ്പെടുത്തുക