റേഞ്ച് റോവർ വിവാദം; ജനപ്രതിനിധികൾക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരാൻ മുസ്‌ലിം ലീഗ്

മന്ത്രി കെ.എം. ഷാജിയുടെ സ്വകാര്യ റേഞ്ച് റോവർ ഉപയോഗവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിമാരുടെയും എംഎൽഎമാരുടെയും പെരുമാറ്റത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന നിർദേശവുമായി മുസ്‌ലിം ലീഗ് നേതൃത്വം. ജനപ്രതിനിധികൾക്കായി പെരുമാറ്റച്ചട്ടം തയ്യാറാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ മൂന്നിന് കോഴിക്കോട്ട് യോഗം ചേരും.

സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ യോഗത്തിന് നേതൃത്വം നൽകും. സ്വകാര്യ വ്യക്തികളിൽ നിന്ന് വാഹനമുൾപ്പെടെയുള്ള സൗകര്യങ്ങൾ സ്വീകരിക്കുമ്പോൾ കൂടുതൽ രാഷ്ട്രീയ ജാഗ്രത പാലിക്കണമെന്ന് മന്ത്രിമാർക്കും എംഎൽഎമാർക്കും നിർദേശം നൽകാനാണ് നേതൃത്വത്തിന്റെ തീരുമാനം.

റേഞ്ച് റോവർ വിവാദം ഒഴിവാക്കാമായിരുന്നുവെന്നാണ് ലീഗ് നേതൃത്വത്തിലെ വിലയിരുത്തൽ. സംഭവത്തെ തുടർന്ന് മന്ത്രിയുടെ പെരുമാറ്റം പ്രതിപക്ഷ വിമർശനത്തിന് ഇടയാക്കിയതിലും നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, ആവശ്യമായ അനുമതിയോടെയാണ് വാഹനം ഉപയോഗിച്ചതെന്നും ഇതിൽ നിന്ന് അനധികൃതമായ സഹായം ലഭിച്ചിട്ടില്ലെന്നുമാണ് കെ.എം. ഷാജിയുടെ വിശദീകരണം.

റേഞ്ച് റോവർ വിവാദത്തിൽ മാത്രമല്ല, യുഡിഎഫ് മന്ത്രിമാരുടെ വിദേശയാത്രകളും പൊതുസമൂഹത്തിലുണ്ടാകുന്ന പ്രതികരണങ്ങളും ലീഗ് നേതൃത്വം പരിശോധിക്കുന്നുണ്ട്. ജനപ്രതിനിധികളുടെ ഭാഗത്തുനിന്നുള്ള ആഡംബര ജീവിതം, ധൂർത്ത് തുടങ്ങിയ ആരോപണങ്ങൾ പാർട്ടിയുടെ പൊതുചിത്രത്തെ ബാധിക്കാതിരിക്കാൻ ജാഗ്രത വേണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്.

ഒക്ടോബർ മൂന്നിലെ യോഗം ഔദ്യോഗികമായി മന്ത്രിമാർക്കും എംഎൽഎമാർക്കുമുള്ള പരിശീലന പരിപാടിയായാണ് അവതരിപ്പിക്കുന്നത്. നിയമസഭാ സംഘത്തിലെ തലമുറമാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് പരിശീലനത്തിന് പ്രാധാന്യം നൽകുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടി ഒഴികെയുള്ള ലീഗ് മന്ത്രിമാരെല്ലാം ആദ്യമായാണ് മന്ത്രി പദവിയിലെത്തുന്നത്. ഭൂരിഭാഗം എംഎൽഎമാരും നിയമസഭയിലെ പുതുമുഖങ്ങളാണ്.

പൊതുപദവിയുടെ അന്തസ്സിന് യോജിച്ച പെരുമാറ്റം, സ്വകാര്യ വ്യക്തികളിൽ നിന്നുള്ള സൗകര്യങ്ങൾ സ്വീകരിക്കുന്നതിലെ ജാഗ്രത, പൊതുജനങ്ങളിലെ പ്രതികരണം തുടങ്ങിയ വിഷയങ്ങളിൽ യോഗത്തിൽ നേതൃത്വം നിർദേശം നൽകുമെന്നാണ് വിവരം.

മറുപടി രേഖപ്പെടുത്തുക