കേരള ചലച്ചിത്ര അക്കാദമിക്ക് പുതിയ നേതൃത്വം. നടൻ രവീന്ദ്രനെ ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും. നടിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്സൺ.
തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായ രവീന്ദ്രന്റെ നേതൃത്വത്തിൽ സിനിമയുടെ കലാപരവും സാങ്കേതികവുമായ മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നാണ് അറിയിപ്പ്. വിവിധ ചലച്ചിത്ര മേളകളുമായി ബന്ധപ്പെട്ട പ്രവർത്തന പരിചയവും സിനിമാ മേഖലയിലെ അനുഭവസമ്പത്തും നിയമനത്തിന് പരിഗണിച്ച ഘടകങ്ങളാണെന്നും സർക്കാർ വ്യക്തമാക്കി.
സലിം ഹസ്സൻ, ജോഫിൻ ടി ചാക്കോ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉൾപ്പെടും. ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി. ഗിരീഷ്കുമാർ, സലിം ഹസ്സൻ, ബി. രാകേഷ്, സജീവൻ അന്തിക്കാട്, ജോഫിൻ ടി ചാക്കോ, സക്കരിയ, ആർ.എസ്. പണിക്കർ, ധർമജൻ ബോൾഗാട്ടി, വാഴൂർ ജോസ്, എ. കബീർ, സാബു ശങ്കർ, ഷെർഗ സന്ദീപ്, അബ്ദുൽ ഹനാൻ എന്നിവരെയും ഉൾപ്പെടുത്തി ജനറൽ കൗൺസിൽ പുനഃസംഘടിപ്പിച്ചു.
പുതിയ നേതൃത്വത്തോടൊപ്പം അക്കാദമിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകാനും ചലച്ചിത്ര മേഖലയിലെ കലാപരവും സാങ്കേതികവുമായ ഇടപെടലുകൾ ശക്തിപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നതെന്ന് സർക്കാർ അറിയിച്ചു.
