2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് അഭിമാന നേട്ടമായി പുരുഷ മാരത്തണിൽ സാവൻ ബർവാൾ വെള്ളി മെഡൽ സ്വന്തമാക്കി. ഇതോടെ ഏഷ്യൻ ഗെയിംസ് മാരത്തൺ ഇനത്തിൽ ഇന്ത്യയുടെ 44 വർഷത്തെ മെഡൽ കാത്തിരിപ്പിനാണ് വിരാമമായത്.
ജപ്പാനിലെ നഗോയയിൽ നടന്ന 42.195 കിലോമീറ്റർ മാരത്തൺ മത്സരത്തിൽ ദേശീയ റെക്കോർഡ് ഉടമയായ സാവൻ തുടക്കം മുതൽ മുൻനിര താരങ്ങൾക്കൊപ്പമാണ് ഓടിയത്. മത്സരത്തിന്റെ പകുതിഭാഗം പിന്നിട്ടതിന് പിന്നാലെ രണ്ടാം സ്ഥാനത്തേക്ക് ഉയർന്ന സാവൻ അവസാന ഘട്ടം വരെ ജപ്പാന്റെ ഇചിതാക യമഷിതയുമായി ശക്തമായ പോരാട്ടം കാഴ്ചവെച്ചു.
അവസാന കിലോമീറ്ററുകളിൽ യമഷിത ലീഡ് നേടി സ്വർണം ഉറപ്പിച്ചപ്പോൾ, സാവൻ രണ്ടാം സ്ഥാനം നിലനിർത്തി വെള്ളി മെഡൽ സ്വന്തമാക്കി. ഇതോടെ 1982 ഏഷ്യൻ ഗെയിംസിൽ ഹൊസൂർ കുക്കപ്പ സീതാറാം നേടിയ വെങ്കലത്തിന് ശേഷം ആദ്യമായാണ് ഇന്ത്യ പുരുഷ മാരത്തണിൽ മെഡൽ നേടുന്നത്.
വിദേശ മണ്ണിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് മാരത്തണിൽ ഒരു ഇന്ത്യൻ പുരുഷ അത്‌ലറ്റ് മെഡൽ നേടുന്നതും ഇതാദ്യമാണ്. ഏഷ്യൻ ഗെയിംസ് മാരത്തൺ ചരിത്രത്തിൽ ഇന്ത്യയുടെ നാലാമത്തെ മെഡലുമാണിത്. 1951-ൽ ഛോട്ടാ സിംഗ് സ്വർണവും സൂറത്ത് സിംഗ് മാത്തൂർ വെങ്കലവും നേടിയിരുന്നു. തുടർന്ന് 1982-ൽ സീതാറാം വെങ്കലം നേടിയതിനു ശേഷമാണ് പുതിയ നേട്ടം.
മത്സരത്തിൽ പങ്കെടുത്ത മറ്റൊരു ഇന്ത്യൻ താരം കാർത്തിക് കർക്കേര 2 മണിക്കൂർ 22 മിനിറ്റ് 41 സെക്കൻഡ് സമയത്തിൽ 17-ാം സ്ഥാനത്തെത്തി.
