സൗദി അറേബ്യയിലെ മക്കയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികളടക്കം അഞ്ച് പേർ മരിച്ചു. രണ്ട് തമിഴ്നാട് സ്വദേശികളും അപകടത്തിൽ മരിച്ചു. വാഹനം ഓടിച്ചിരുന്ന സൗദി പൗരനും അപകടത്തിൽ മരിച്ചതായി റിപ്പോർട്ട്.
കോട്ടയം പാല സ്വദേശി ജെയ്സിമോൾ മാത്യു (36), കോട്ടയം കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികൾ. തിരുച്ചിറപ്പള്ളി സ്വദേശിനി ദേവമ്മ ഹെപ്സിബ (33), ചെന്നൈ സ്വദേശിനി വിജയലക്ഷ്മി എന്നിവരാണ് മരിച്ച തമിഴ്നാട് സ്വദേശികൾ.
മരിച്ച നാല് പേരും സൗദി സർക്കാർ ഡിസ്പൻസറികളിൽ നഴ്‌സുമാരായി ജോലി ചെയ്തുവരികയായിരുന്നു. മക്കയിലെ അൽഗഫയിലായിരുന്നു ഇവരുടെ ജോലി. അവധി ദിവസമായ വെള്ളിയാഴ്ച അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി മക്കയിലെ റാനിയ പട്ടണത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
റാനിയയിൽ വെച്ച് ഇവർ സഞ്ചരിച്ച വാഹനവും മറ്റൊരു വാഹനവും കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
മരിച്ചവരുടെ സൗദിയിലുള്ള ബന്ധുക്കൾ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.
