ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരത്തിൽ നിയന്ത്രണം; കേന്ദ്രം ആലോചനയിൽ

ജിഎസ്ടി ഉദ്യോഗസ്ഥർക്ക് നിലവിലുള്ള അറസ്റ്റ് ഉൾപ്പെടെയുള്ള നിയമപരമായ അധികാരങ്ങൾ പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. ഈ മാസം ഏഴിന് ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ വിഷയം ചർച്ചയായേക്കും. ഉദ്യോഗസ്ഥർ അധികാരം ദുരുപയോഗം ചെയ്യുന്നതായി വ്യാപകമായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നിയന്ത്രണം കൊണ്ടുവരുന്നത് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്.

ജിഎസ്ടി കൗൺസിൽ നിർദേശം അംഗീകരിച്ചാൽ ആവശ്യമായ നിയമഭേദഗതി ബിൽ പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. അതേസമയം, മനഃപൂർവം നടത്തുന്ന നികുതി തട്ടിപ്പുകളും വഞ്ചനകളും തടയുന്നതിനുള്ള നിയമനടപടികൾ തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. ഗുരുതരമായ ഇത്തരം കേസുകളിൽ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരമുള്ള നിയമനടപടികൾ തുടരുമെന്നും ഉദ്യോഗസ്ഥർ ദേശീയ മാധ്യമത്തോട് പറഞ്ഞു.

2017 ജൂലൈയിൽ ജിഎസ്ടി നടപ്പാക്കിയതിന് പിന്നാലെ നിരവധി നികുതി തട്ടിപ്പ് കേസുകൾ അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിയെടുക്കാൻ വ്യാജ തിരിച്ചറിയൽ രേഖകളും ‘മ്യൂൾ അക്കൗണ്ടുകളും’ ഉപയോഗിക്കുന്നതും യഥാർഥത്തിൽ ചരക്കുകൾ വിതരണം ചെയ്യാതെ വ്യാജ ഇൻവോയ്സുകൾ തയ്യാറാക്കുന്നതുമാണ് പ്രധാന തട്ടിപ്പ് രീതികളായി കണ്ടെത്തിയത്.

2021-22 മുതൽ 2024-25 വരെയുള്ള കാലയളവിൽ ജിഎസ്ടി നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട 72,393 കേസുകളാണ് കേന്ദ്ര ജിഎസ്ടി വിഭാഗങ്ങൾ രജിസ്റ്റർ ചെയ്തത്. ഇതിൽ 887 അറസ്റ്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

നിലവിലെ ജിഎസ്ടി നിയമപ്രകാരം ചട്ടലംഘനങ്ങൾക്ക് പിഴയും പലിശയും ചുമത്തുന്നതിനൊപ്പം നികുതി തിരിച്ചുപിടിക്കാനും നടപടിയെടുക്കാം. എന്നാൽ നികുതി വെട്ടിപ്പ് നടത്താനുള്ള ബോധപൂർവമായ ഉദ്ദേശ്യത്തോടെ ഗുരുതരമായ നിയമലംഘനം നടത്തുന്നവർക്കെതിരെ ക്രിമിനൽ വ്യവസ്ഥകൾ പ്രകാരം അറസ്റ്റും നിയമനടപടികളും സ്വീകരിക്കാം.

ഈ അറസ്റ്റ് ഉൾപ്പെടെയുള്ള അധികാരങ്ങളുടെ പരിധി പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ പുതിയ നിർദേശങ്ങൾ പരിഗണിക്കുന്നത്. എന്നാൽ നികുതി തട്ടിപ്പുകൾക്കെതിരായ നിയമനടപടികളിൽ ഇളവ് നൽകില്ലെന്ന നിലപാടാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

മറുപടി രേഖപ്പെടുത്തുക