ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ആസക്തിയായി മാറുന്നു; സോഷ്യൽ മീഡിയ ഉപയോഗത്തിൽ മുന്നറിയിപ്പുമായി മോഹൻ ഭാഗവത്

സോഷ്യൽ മീഡിയയുടെ വർധിച്ചുവരുന്ന ഉപയോഗത്തിൽ ആശങ്ക പ്രകടിപ്പിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളും ഒരുതരം ആസക്തിയായി മാറുകയാണെന്നും ഇത്തരം ആസക്തികൾ വ്യക്തിയുടെ ചിന്താശേഷിയെയും ബോധത്തെയും ദുർബലപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജസ്ഥാനിലെ ജോധ്പൂരിൽ നടന്ന ‘മരു നിനാദ്–2026’ ഘോഷ് ശിബിരിന്റെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മയക്കുമരുന്നിന് അടിമപ്പെടുന്നത് മാത്രമല്ല ആസക്തിയെന്നും ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന ചായയും കാപ്പിയും പോലും അമിതമായാൽ ആസക്തിയായി മാറാമെന്നും മോഹൻ ഭാഗവത് പറഞ്ഞു. ജാതി, ഭാഷ, സംസ്ഥാനം തുടങ്ങിയ സ്വത്വങ്ങളോടുള്ള അമിതമായ അടുപ്പവും ഒരുതരം ആസക്തിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം ബന്ധങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ കഴിയുന്നവർക്കാണ് സന്തോഷകരമായ ജീവിതം നയിക്കാനാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏത് തരത്തിലുള്ള ആസക്തിയും വ്യക്തിയുടെയും സമൂഹത്തിന്റെയും ചിന്താശേഷിയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വിഭജിക്കാൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും മോഹൻ ഭാഗവത് ആരോപിച്ചു. ബ്രിട്ടീഷുകാരുടെ ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന നയത്തെ ഓർമിപ്പിക്കുന്ന തരത്തിൽ ചെറിയ സ്വത്വങ്ങളുടെ പേരിൽ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ശരിയായ ദിശയിലാണ് മുന്നേറുന്നതെങ്കിലും രാജ്യം ആഗോള ശക്തിയായി വളരുന്നത് ചില ലോകശക്തികൾ ആഗ്രഹിക്കുന്നില്ലെന്നും സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ബ്രിട്ടീഷ് ഭരണകാലത്ത് പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദായം തകർക്കുകയും അവരുടെ നയങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്തതാണ് രാജ്യം ദുർബലമാകാൻ കാരണമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാർഥ താൽപ്പര്യങ്ങളും വ്യത്യാസങ്ങളും അഹങ്കാരവും ഉപേക്ഷിച്ച് രാജ്യസേവനം ലക്ഷ്യമാക്കിയുള്ള ഐക്യസമൂഹം കെട്ടിപ്പടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഓരോ ഗ്രാമത്തിലും തെരുവിലും 25 മുതൽ 100 വരെ നിസ്വാർഥരും നല്ല പെരുമാറ്റമുള്ളവരുമായ ആളുകൾ ഉണ്ടാകണമെന്നാണ് തന്റെ പ്രതീക്ഷയെന്നും മോഹൻ ഭാഗവത് പറഞ്ഞു. മഹാഭാരത യുദ്ധം ഉദാഹരിച്ച അദ്ദേഹം, വലിയ സൈന്യവും പ്രഗത്ഭരായ യോദ്ധാക്കളുമുണ്ടായിരുന്നിട്ടും ആഭ്യന്തര ഭിന്നതകൾ കാരണം കൗരവർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി. മറുവശത്ത്, ചെറിയ സൈന്യമായിരുന്നിട്ടും ഐക്യത്തോടെ നിന്നതിനാലാണ് പാണ്ഡവർ വിജയിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

മറുപടി രേഖപ്പെടുത്തുക