കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലറുടെ നയങ്ങൾക്കെതിരെ നിരാഹാര സമരം നടത്തുന്ന വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോൺ ബ്രിട്ടാസ് എംപി. സമരപ്പന്തലിലെത്തിയ അദ്ദേഹം നിരാഹാരമിരിക്കുന്ന വിദ്യാർഥികളുമായി സംസാരിച്ചു. മാപ്പ് പറയുന്ന ശീലം ആർഎസ്എസിന്റേതാണെന്നും എന്നാൽ വിദ്യാർഥികൾ മാപ്പ് പറയാൻ തയ്യാറല്ലെന്ന നിലപാടിലൂടെ ശക്തമായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് പുറത്തായിരുന്നതിനാലാണ് കാലടിയിൽ എത്താൻ വൈകിയതെന്ന് ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. ജെഎൻയുവിൽ ആർഎസ്എസ് നോമിനിയായ വിസിക്കെതിരെ വിദ്യാർഥികൾ 17 ദിവസം നിരാഹാര സമരം നടത്തിയിരുന്നു. ആ ഘട്ടത്തിൽ വിസി തന്നെ വിളിച്ച് സമരം ഒത്തുതീർപ്പാക്കാൻ എന്ത് നടപടി സ്വീകരിക്കണമെന്ന് ചോദിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ജനാധിപത്യ അവകാശങ്ങൾ സ്ഥാപിച്ചുകിട്ടുന്നതുവരെ സമരം തുടരുമെന്ന നിലപാടാണ് വിദ്യാർഥികൾ സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ കോൺഗ്രസാണോ ആർഎസ്എസാണോ ഭരിക്കുന്നതെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്നും ബ്രിട്ടാസ് വിമർശിച്ചു. ജെഎൻയുവിൽ പഠിച്ച വിദ്യാർഥി ഉന്നത വിദ്യാഭ്യാസ മന്ത്രിയായപ്പോൾ ചില പ്രതീക്ഷകളുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതൽ ചർച്ചയായ മാപ്പ് സവർക്കറുടേതാണെന്നും അദ്ദേഹം ഒമ്പതിലേറെ തവണ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും ബ്രിട്ടാസ് ആരോപിച്ചു.
എംജി സർവകലാശാലയിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശനം വിലക്കിക്കൊണ്ട് വിസി ഉത്തരവിറക്കിയതിനെയും അദ്ദേഹം വിമർശിച്ചു. ഇത് വെള്ളരിക്കാപ്പട്ടണമല്ലെന്നും ഓരോ ഘട്ടത്തിലും നിലപാട് മാറ്റി സമരത്തോട് നിഷേധാത്മക സമീപനം തുടരുകയാണെന്നും ബ്രിട്ടാസ് പറഞ്ഞു. ഹൈക്കോടതി പോലും വിഷയത്തിൽ വിമർശനം ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വർഗീയ ശക്തികളെ പ്രതിരോധിക്കാനാണ് കാലടിയിലെ സമരമെന്നും ആർഎസ്എസിന് സർവകലാശാലയിൽ സ്വാധീനമുറപ്പിക്കാനുള്ള നീക്കങ്ങളെ വിദ്യാർഥികൾ ശക്തമായി ചെറുക്കുമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. ആർഎസ്എസിന് വേണ്ടി നിലകൊള്ളുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
