‘യുദ്ധം തീർന്നിട്ടില്ല’; അമേരിക്കൻ-ഇസ്രായേൽ പൗരന്മാരുടെ വിമാനങ്ങൾക്ക് അൽ-ഖ്വയ്ദയുടെ ഭീഷണി

സെപ്റ്റംബർ 30ന് ഫ്ലൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിൽ നടന്ന ആക്രമണവും 2001ലെ 9/11 ഭീകരാക്രമണവും പരാമർശിച്ച് വിമാനങ്ങളിൽ സമാനമായ ‘കോപ്പികാറ്റ്’ ആക്രമണങ്ങൾ നടത്താൻ അൽ-ഖ്വയ്ദ അനുകൂല പ്രസിദ്ധീകരണത്തിന്റെ ആഹ്വാനം. അമേരിക്കൻ, ഇസ്രായേൽ പൗരന്മാരെയും ഇസ്ലാമിനെതിരെ പോരാടുന്നുവെന്ന് സംഘടന വിശേഷിപ്പിക്കുന്നവരെയും വഹിക്കുന്ന വിമാനങ്ങളെ ലക്ഷ്യമിടണമെന്നാണ് ഭീഷണി.

ഇന്ത്യാ ടുഡേ റിപ്പോർട്ട് പ്രകാരം, അൽ-ഖ്വയ്ദ അനുകൂലികൾ ജൂലൈയിൽ ആരംഭിച്ച വാരിക പ്രസിദ്ധീകരണമായ ‘അൽ-ബയാൻ’ന്റെ ഏറ്റവും പുതിയ പതിപ്പിലാണ് ഭീഷണി പ്രത്യക്ഷപ്പെട്ടത്. 2001 സെപ്റ്റംബർ 11ലെ ആക്രമണങ്ങൾക്കും സെപ്റ്റംബർ 30ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് സർവീസ് നടത്തിയ ഫ്ലൈ ദുബായ് ഫ്ലൈറ്റ് FZ1073ൽ നടന്ന സംഭവത്തിനുമാണ് പ്രസിദ്ധീകരണം നേരിട്ട് പരാമർശം നടത്തിയത്.

‘യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ല’ എന്ന സന്ദേശത്തോടെയാണ് വിമാനങ്ങളെ ലക്ഷ്യമിടാനുള്ള ആഹ്വാനം നൽകിയതെന്നാണ് റിപ്പോർട്ട്. 9/11 ആക്രമണത്തിന്റെ ഭാഗമായി ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ ടവറുകളിലേക്ക് വിമാനം ഇടിച്ചുകയറുന്ന ചിത്രവും ഫ്ലൈ ദുബായ് സംഭവവുമായി ബന്ധപ്പെട്ട ചിത്രവും ഭീഷണി സന്ദേശത്തിനൊപ്പം ഉൾപ്പെടുത്തിയിരുന്നു.

അതേസമയം, ഫ്ലൈ ദുബായ് വിമാനത്തിലെ ഒമാനി സഹപൈലറ്റ് ഹമാം അൽ-ഹമ്മാമിയുടെ പശ്ചാത്തലവും അന്വേഷണത്തിലാണ്. അൽ-ഖ്വയ്ദ നേതാക്കളായ ഒസാമ ബിൻ ലാദൻ, അയ്മാൻ അൽ സവാഹിരി എന്നിവരെക്കുറിച്ചുള്ള പരാമർശങ്ങൾ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങളും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നതായാണ് റിപ്പോർട്ടുകൾ.

ഫ്ലൈ ദുബായ് വിമാനത്തിൽ സംഭവിച്ചത്

സെപ്റ്റംബർ 30ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് FZ1073 വിമാനത്തിലാണ് കോക്ക്പിറ്റിൽ ആക്രമണം നടന്നത്. ക്യാപ്റ്റൻ സ്മിത് മച്ചാറിനെ സഹപൈലറ്റ് ക്രാഷ് ആക്‌സ് ഉപയോഗിച്ച് ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്.

ആക്രമണത്തിൽ പരിക്കേറ്റെങ്കിലും മച്ചാർ കോക്ക്പിറ്റ് വാതിൽ തുറന്നതോടെ യാത്രക്കാരും മറ്റ് ജീവനക്കാരും ഇടപെട്ടു. തുടർന്ന് വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കുകയും വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ അൽ-ഹമ്മാമിയുടെ പശ്ചാത്തലവും സാധ്യതയുള്ള ഭീകരബന്ധങ്ങളും ഉൾപ്പെടെ വിവിധ വശങ്ങൾ അന്വേഷണ വിധേയമാക്കിയിരിക്കുകയാണ്. അതിനിടെയാണ് വിമാനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന അൽ-ഖ്വയ്ദ അനുകൂല പ്രസിദ്ധീകരണത്തിന്റെ റിപ്പോർട്ട് പുറത്തുവന്നത്.

മറുപടി രേഖപ്പെടുത്തുക