നീന്തൽമത്സര വേദിയിലെ പന്തൽ വീണ സംഭവത്തിൽ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ. രാജൻ എംഎൽഎ. സംസ്ഥാന സ്കൂൾ കായികമേളയുടെ നടത്തിപ്പ് യുഡിഎഫ് സർക്കാർ അട്ടിമറിച്ചുവെന്ന് കെ. രാജൻ ആരോപിച്ചു. മുൻ സർക്കാർ നടപ്പാക്കിയ ഒളിമ്പിക്സ് മാതൃകയിലുള്ള കായികമേള തകർത്തത് ബോധപൂർവമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കായിക വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും പ്ലാൻ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന മേള മുൻകാലങ്ങളിൽ മാതൃകാപരമായാണ് സംഘടിപ്പിച്ചിരുന്നതെന്ന് കെ. രാജൻ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി നേരിട്ട് ഇടപെട്ടാണ് അന്ന് മേളയുടെ സംഘാടനം നടത്തിയിരുന്നത്. എന്നാൽ നിലവിലെ കായിക മന്ത്രി മേളയുടെ നടത്തിപ്പിൽ ഉത്തരവാദിത്വമില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇത് ധിക്കാരപരമായ സമീപനമാണെന്നും അദ്ദേഹം വിമർശിച്ചു.
തന്റെ വകുപ്പിന് കീഴിലാണ് മത്സരങ്ങൾ നടക്കുന്നതെന്ന് പറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയാണെന്നും കെ. രാജൻ ആരോപിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രിക്ക് ഇക്കാര്യത്തിൽ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പിന്റെയും കായിക വകുപ്പിന്റെയും പ്ലാൻ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന മേളയിൽ മന്ത്രിക്ക് ഉത്തരവാദിത്വമില്ലെന്ന് പറയുന്നത് നിരുത്തരവാദപരമായ സമീപനമാണെന്നും കെ. രാജൻ വ്യക്തമാക്കി.
