സ്വതന്ത്ര തമിഴ് രാഷ്ട്രത്തിനായി ചൈനീസ് സർവകലാശാലയുടെ ഗവേഷണം; ശ്രീലങ്കയിൽ പുതിയ വിവാദം

ശ്രീലങ്കയിൽ സ്വതന്ത്ര തമിഴ് രാഷ്ട്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ട്രാൻസ്‌നാഷണൽ ഗവൺമെന്റ് ഓഫ് തമിഴ് ഈലം (TGTE)യുമായി സഹകരിച്ച് ഗവേഷണ പദ്ധതി നടത്താൻ ഹോങ്കോങ്ങിലെ ചൈനീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോങ് (CUHK) ഒരുങ്ങുന്നതായി റിപ്പോർട്ട്. പദ്ധതിക്ക് പിന്നിൽ ശ്രീലങ്കയിൽ സമ്മർദം ചെലുത്താനുള്ള ചൈനയുടെ നീക്കമുണ്ടോ എന്ന ചർച്ചയ്ക്കും ഇത് വഴിവെച്ചിട്ടുണ്ട്.

ശ്രീലങ്കൻ ന്യൂസ് പോർട്ടലായ സിലോൺ ന്യൂസ്24 റിപ്പോർട്ട് പ്രകാരം, CUHK നിയമ ഫാക്കൽറ്റി പ്രസിദ്ധീകരിച്ച പോസ്റ്റ്ഡോക്ടറൽ ഫെലോ നിയമന വിജ്ഞാപനത്തിലൂടെയാണ് പദ്ധതിയുടെ വിവരങ്ങൾ പുറത്തുവന്നത്. പ്രൊഫസർ അലക്സ് ഗ്രീനിന്റെ നേതൃത്വത്തിൽ TGTEയുമായി സഹകരിച്ചാണ് ഗവേഷണം നടത്തുകയെന്നാണ് ജോലി വിജ്ഞാപനത്തിൽ പറയുന്നത്.

ശ്രീലങ്കയിൽ സ്വതന്ത്ര തമിഴ് രാഷ്ട്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിലവിലെ രാഷ്ട്രീയ, നിയമ ചർച്ചകളാണ് ഗവേഷണത്തിന്റെ പ്രധാന വിഷയമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, പ്രത്യേക തമിഴ് രാഷ്ട്രത്തിനായി വാദിക്കുന്ന സംഘടനയുമായി ചൈനീസ് അക്കാദമിക് സ്ഥാപനം സഹകരിക്കുന്നതിന് പിന്നിൽ ജിയോപൊളിറ്റിക്കൽ ലക്ഷ്യങ്ങളുണ്ടാകാമെന്നാണ് വിമർശകരുടെ ആരോപണം. ചൈന സ്വന്തം താൽപര്യങ്ങൾക്കായി തമിഴ് വിഷയത്തെ ഉപയോഗിക്കുന്നുണ്ടോ, അതോ ശ്രീലങ്കയിൽ സമ്മർദം ചെലുത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണോ പദ്ധതിയെന്നും ചർച്ച ഉയർന്നതായി സിലോൺ ന്യൂസ്24 റിപ്പോർട്ട് ചെയ്തു.

ഗവേഷണ പദ്ധതിയുടെ അക്കാദമിക് സ്വാതന്ത്ര്യം, TGTEയുമായുള്ള സഹകരണത്തിന്റെ സ്വഭാവം, ശ്രീലങ്കയുടെ പരമാധികാരവുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങൾ എന്നിവ സംബന്ധിച്ച് വ്യക്തത തേടി സെപ്റ്റംബർ 3ന് പ്രൊഫസർ അലക്സ് ഗ്രീനിന് ഇമെയിൽ അയച്ചതായും റിപ്പോർട്ട് പറയുന്നു. എന്നാൽ ഒക്ടോബർ 1 വരെ അദ്ദേഹത്തിൽ നിന്നോ സർവകലാശാലാ അധികൃതരിൽ നിന്നോ പ്രതികരണം ലഭിച്ചില്ലെന്നും സിലോൺ ന്യൂസ്24 വ്യക്തമാക്കി.

പ്രൊഫസറുടെയും സർവകലാശാലയുടെയും പ്രതികരണമില്ലായ്മയും റിപ്പോർട്ട് ചോദ്യം ചെയ്തിട്ടുണ്ട്. പദ്ധതിക്ക് പിന്നിൽ ചൈനീസ് സർക്കാരിന്റെ അറിവോ പിന്തുണയോ ഉണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങളും ഇതോടെ ഉയർന്നിരിക്കുകയാണെന്നാണ് റിപ്പോർട്ടിന്റെ വിലയിരുത്തൽ.

മറുപടി രേഖപ്പെടുത്തുക