ഫ്രാൻസിൽ ആരംഭിച്ച വിദ്യാർഥി പ്രതിഷേധം ബെൽജിയത്തിലേക്കും വ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സാഹചര്യങ്ങൾക്കെതിരെ തിങ്കളാഴ്ച ലീജ് മേഖലയിൽ നടന്ന പ്രതിഷേധം നശീകരണ പ്രവർത്തനങ്ങളും തീപിടുത്തവും അറസ്റ്റുമായി സംഘർഷഭരിതമായി.
അധ്യാപക ക്ഷാമം, ക്ലാസ് മുറികളിലെ തിരക്ക്, തകർന്നുകൊണ്ടിരിക്കുന്ന സ്കൂൾ കെട്ടിടങ്ങൾ, ദൈർഘ്യമേറിയ പഠനസമയം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് ഫ്രാൻസിൽ സെപ്റ്റംബർ പകുതിയോടെ വിദ്യാർഥി പ്രതിഷേധം ആരംഭിച്ചത്. ബെൽജിയത്തിലും വിദ്യാഭ്യാസ പരിഷ്കാരങ്ങൾ, ഉയർന്ന പൊതുഗതാഗത ചെലവ്, വർധിച്ചുവരുന്ന ട്യൂഷൻ ഫീസ് തുടങ്ങിയ വിഷയങ്ങൾക്കെതിരെയാണ് വിദ്യാർഥികൾ രംഗത്തെത്തിയത്.
ലീജിലെ വിവിധ സ്കൂളുകൾക്ക് മുന്നിൽ നൂറുകണക്കിന് വിദ്യാർഥികൾ ഒത്തുകൂടി പ്രവേശന കവാടങ്ങൾ തടഞ്ഞു. തുടർന്ന് നഗരത്തിലൂടെ പ്രതിഷേധ മാർച്ചും നടത്തി. മുൻകരുതലിന്റെ ഭാഗമായി നഗരമധ്യത്തിലെ നിരവധി കടകൾ അടച്ചിട്ടു. സെന്റ്-മൈക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഷട്ടറുകൾ തകർക്കാനും പ്രതിഷേധക്കാർ ശ്രമിച്ചു. സമീപപ്രദേശങ്ങളായ ഹെർസ്റ്റലിലും ചെനീയിലും സ്കൂട്ടറുകൾക്ക് തീപിടിച്ചതായും അഗ്നിശമന സേന അറിയിച്ചു.
സംഭവത്തിൽ തിങ്കളാഴ്ച 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചില പ്രതിഷേധക്കാരുടെ ബാഗുകളിൽ ഗ്ലാസ് കുപ്പികളും തുണിത്തരങ്ങളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇവ ഉപയോഗിച്ച് തീപിടിപ്പിക്കുന്ന ഉപകരണങ്ങൾ നിർമിക്കാനാകുമെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ കത്തുന്ന വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഫ്രാൻസിലെ പ്രതിഷേധവും തുടരുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച മാത്രം ഏകദേശം 2,000 പേരെ അറസ്റ്റ് ചെയ്തതായും 300ലേറെ നിയമപാലകർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സ്കൂൾ ജീവനക്കാർക്കും വിദ്യാർഥികൾക്കും പരിക്കേറ്റ സംഭവങ്ങളും ഉണ്ടായി. തിങ്കളാഴ്ച 413 സെക്കൻഡറി സ്കൂളുകളിൽ പ്രതിഷേധം നടന്നതായി ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
കൂടുതൽ ഫണ്ട് അനുവദിക്കുക, അധ്യാപക ഒഴിവുകൾ നികത്തുക, ക്ലാസ് മുറികളിലെ വിദ്യാർഥികളുടെ എണ്ണം കുറയ്ക്കുക, പഠനസമയം ലഘൂകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർഥി സംഘടനകൾ മുന്നോട്ടുവയ്ക്കുന്നത്. സ്കൂളുകളിലെ മോശം അടിസ്ഥാനസൗകര്യങ്ങളും അമിതമായ പഠനഭാരവും പഠന സാഹചര്യങ്ങളെ അസഹനീയമാക്കിയെന്നാണ് പ്രതിഷേധക്കാരുടെ വാദം.
എന്നാൽ സ്കൂൾ ജീവനക്കാർക്കെതിരായ ആക്രമണങ്ങളും നശീകരണ പ്രവർത്തനങ്ങളും പ്രതിഷേധത്തിന്റെ ആവശ്യങ്ങൾ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. രാവിലെ എട്ടിന് ക്ലാസുകൾ ആരംഭിക്കുന്നത്, പതിവ് പരീക്ഷകൾ, മൊബൈൽ ഫോൺ ഉപയോഗത്തിനുള്ള നിയന്ത്രണങ്ങൾ തുടങ്ങിയ പരാതികളെയും വിമർശകർ പരിഹസിച്ചു.
ഫ്രാൻസിൽ പ്രതിഷേധം രാഷ്ട്രീയ വിവാദത്തിനും വഴിവെച്ചിട്ടുണ്ട്. പ്രതിഷേധങ്ങൾക്ക് ഇടതുപക്ഷ പാർട്ടിയായ ‘ഫ്രാൻസ് അൺബോവ്ഡ്’ പിന്തുണ നൽകുന്നുവെന്ന് സർക്കാർ ആരോപിച്ചു. എന്നാൽ പാർട്ടി ആരോപണം നിഷേധിക്കുകയും വിദ്യാർഥികളുടെ പ്രതിഷേധത്തിന് കാരണം സർക്കാരിന്റെ അവഗണനയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. പാർട്ടി നേതാവ് ജീൻ-ലുക് മെലെൻഷോൺ അഹിംസാത്മക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.
അധ്യാപകർ, ആരോഗ്യപ്രവർത്തകർ, അഗ്നിശമനസേനാംഗങ്ങൾ, ഗതാഗത ജീവനക്കാർ തുടങ്ങിയ വിവിധ പൊതുമേഖലാ വിഭാഗങ്ങൾ ചെലവ് ചുരുക്കൽ നടപടികൾക്കെതിരെ നടത്തുന്ന പ്രതിഷേധങ്ങൾക്കൊപ്പമാണ് വിദ്യാർഥി പ്രക്ഷോഭവും ശക്തമാകുന്നത്. ഇതോടെ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനുമേൽ രാഷ്ട്രീയ സമ്മർദം വർധിക്കുന്നതായാണ് വിലയിരുത്തൽ.
