കായികമേളയിലെ സുരക്ഷാ വീഴ്ച; പന്തൽ തകർന്ന സംഭവത്തിൽ കായിക വകുപ്പ് അന്വേഷണം

സംസ്ഥാന സ്കൂൾ കായികമേളയ്ക്കിടെ തൃശൂർ അക്വാറ്റിക്‌സ് കോംപ്ലക്‌സിൽ താൽക്കാലികമായി നിർമിച്ച പന്തൽ കാറ്റിൽ തകർന്നുവീണ സംഭവത്തിൽ കായിക വകുപ്പ് അന്വേഷണം നടത്തുമെന്ന് സ്പോർട്സ് മന്ത്രി ഒ.ജെ. ജനീഷ് അറിയിച്ചു. സംഭവം നടന്നതിന് പിന്നാലെ തന്നെ അന്വേഷണം സംബന്ധിച്ച ഉത്തരവ് കായിക വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിന് നൽകിയതായി മന്ത്രി വ്യക്തമാക്കി.

സംഭവത്തിലെ വീഴ്ചകൾക്കൊപ്പം ഭാവിയിൽ കായികമേളകൾ സംഘടിപ്പിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. സംഭവ ദിവസം തന്നെ പൊതുവിദ്യാഭ്യാസ മന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും വിദ്യാഭ്യാസ വകുപ്പും പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പന്തൽ നിർമാണത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ സർക്കാർ നടപടി സ്വീകരിക്കും. മേള സംഘടിപ്പിച്ചത് ഏത് വകുപ്പായാലും പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിന് ഉത്തരവാദിത്വമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കായിക വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ തുടർനടപടികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പിനും കൈമാറും.

താൽക്കാലിക പന്തൽ നിർമാണത്തിന് പൊതുമരാമത്ത് വകുപ്പിന്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ നടപടികളിൽ വീഴ്ചയുണ്ടായെന്ന വസ്തുത മറച്ചുവയ്ക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. ജില്ലാ കലക്ടർ സംഭവ ദിവസം തന്നെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടപടിയുണ്ടാകുമോയെന്ന കാര്യത്തിലും തുടർനടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

കായികമേളകളിൽ പങ്കെടുക്കുന്ന വിദ്യാർഥികളും കായികതാരങ്ങളും കായിക കേരളത്തിന്റെ സ്വത്താണെന്നും അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളും സംഘടനകളും നടത്തുന്ന കായിക മത്സരങ്ങൾക്ക് പാലിക്കേണ്ട സുരക്ഷാ പ്രോട്ടോക്കോൾ കായിക വകുപ്പ് നോട്ടിഫൈ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

അക്വാറ്റിക്‌സ് കോംപ്ലക്‌സ് സന്ദർശിച്ച ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രാജൻ ജെ. പല്ലൻ എംഎൽഎ, മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

മറുപടി രേഖപ്പെടുത്തുക