സൗദി തലസ്ഥാനമായ റിയാദിൽ ഡ്രൈവറില്ലാ വാഹനങ്ങൾ ഉപയോഗിച്ചുള്ള ‘ലാസ്റ്റ് മൈൽ’ ഡെലിവറി സർവീസിന് തുടക്കമായി. ആദ്യ ഘട്ടത്തിൽ റിയാദിലെ അൽ ഫലാഹ് മേഖലയിലാണ് ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ പ്രവർത്തനം ആരംഭിച്ചത്.
പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി സംഘടിപ്പിച്ച ട്രാൻസ്പോർട്ട് ഹാക്കത്തോണിൽ ഉയർന്നുവന്ന ആശയമാണ് ഇപ്പോൾ പ്രായോഗികമാക്കിയിരിക്കുന്നത്. 360 ഡിഗ്രി സെൻസിങ് കവറേജും റിമോട്ട് ഓപ്പറേഷൻ സെന്ററിൽ നിന്നുള്ള നിരീക്ഷണ സംവിധാനവുമുള്ള ലെവൽ 4 സാങ്കേതികവിദ്യയിലാണ് വാഹനങ്ങൾ പ്രവർത്തിക്കുന്നത്. ആവശ്യാനുസരണം വാഹനങ്ങൾ ഉടൻ നിർത്താനും സംവിധാനമുണ്ട്.
‘ലാസ്റ്റ് മൈൽ’ ഡെലിവറി പദ്ധതിയിലൂടെ വിതരണച്ചെലവിൽ 85 ശതമാനം വരെ കുറവ് വരുത്താനാകുമെന്നാണ് പ്രതീക്ഷ. പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളായതിനാൽ കാർബൺ പുറന്തള്ളൽ ഒഴിവാക്കുന്നതിനും ശബ്ദമലിനീകരണം കുറയ്ക്കുന്നതിനും പദ്ധതി സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
