വർഷങ്ങൾ നീണ്ട ശാന്തതയ്ക്ക് വിരാമം; സൗദി യെമനിൽ വീണ്ടും യുദ്ധത്തിലേക്ക് കടക്കുന്നത് എന്തുകൊണ്ട് ?

യെമനിൽ സംഘർഷം വീണ്ടും രൂക്ഷമായതോടെ സൗദി അറേബ്യയും ഇറാൻ പിന്തുണയ്ക്കുന്ന ഹൂത്തികളും തമ്മിലുള്ള സൈനിക ഏറ്റുമുട്ടൽ ശക്തമായി. വർഷങ്ങളായി നിലനിന്നിരുന്ന താരതമ്യേന ശാന്തമായ സാഹചര്യം ഇതോടെ അവസാനിച്ചിരിക്കുകയാണ്. മിഡിൽ ഈസ്റ്റിലാകെ പിരിമുറുക്കം വർധിക്കുന്നതിനിടെയാണ് യെമനിലെ പോരാട്ടവും വീണ്ടും ശക്തമാകുന്നത്.

ഹൂത്തികളുടെ പ്രാദേശിക മുന്നേറ്റങ്ങളും സൗദി പിന്തുണയുള്ള സേനയുടെ പ്രത്യാക്രമണവുമാണ് പുതിയ സംഘർഷത്തിന് പ്രധാന കാരണം. യെമന്റെ ചെങ്കടൽ തീരത്തും തന്ത്രപ്രധാനമായ ബാബ് എൽ-മന്ദേബ് കടലിടുക്കിന് ചുറ്റുമാണ് പ്രധാനമായും ഏറ്റുമുട്ടലുകൾ നടക്കുന്നത്. ഇറാനെതിരായ യുഎസ്–ഇസ്രായേൽ സൈനിക നടപടികൾ ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള വ്യാപാര-ഊർജ പാതകളെ ബാധിക്കുന്ന സാഹചര്യത്തിൽ ബാബ് എൽ-മന്ദേബിന്റെ പ്രാധാന്യവും വർധിച്ചിട്ടുണ്ട്.

ആരാണ് ഹൂത്തികൾ?

‘അൻസാർ അല്ലാഹ്’ എന്നറിയപ്പെടുന്ന ഹൂത്തികൾ 1990-കളിൽ വടക്കൻ യെമനിൽ രൂപംകൊണ്ട സായിദി ഷിയാ സായുധ-രാഷ്ട്രീയ പ്രസ്ഥാനമാണ്. സൗദി അറേബ്യയുമായി അതിർത്തി പങ്കിടുന്ന പർവതപ്രദേശമായ സാദയാണ് അവരുടെ പരമ്പരാഗത ശക്തികേന്ദ്രം. യെമൻ കേന്ദ്രസർക്കാരിനും സൗദി അറേബ്യയുടെയും അമേരിക്കയുടെയും സ്വാധീനത്തിനുമെതിരായാണ് പ്രസ്ഥാനം ശക്തിപ്രാപിച്ചത്.

ജനസംഖ്യയുടെ വലിയൊരു വിഭാഗം താമസിക്കുന്ന പ്രദേശങ്ങൾ ഉൾപ്പെടെ വടക്കൻ, പടിഞ്ഞാറൻ യെമന്റെ വലിയ ഭാഗം നിലവിൽ ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. ഇറാന്റെ പിന്തുണയുള്ള ഹൂത്തികൾ ടെഹ്റാൻ പിന്തുണയ്ക്കുന്ന ‘പ്രതിരോധത്തിന്റെ അച്ചുതണ്ട്’ എന്ന കൂട്ടായ്മയുടെ ഭാഗമായാണ് സ്വയം വിശേഷിപ്പിക്കുന്നത്.

വർഷങ്ങളായുള്ള പോരാട്ടങ്ങളിലൂടെ ബാലിസ്റ്റിക് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഉൾപ്പെടുന്ന ആയുധശേഖരം ഹൂത്തികൾ വികസിപ്പിച്ചിട്ടുണ്ട്. സൗദി നഗരങ്ങളെയും ചെങ്കടലിലൂടെയുള്ള കപ്പലുകളെയും ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള ശേഷിയും ഇവർക്കുണ്ട്.

എങ്ങനെയാണ് യെമൻ ആഭ്യന്തരയുദ്ധം ആരംഭിച്ചത്?

2014ൽ ഹൂത്തികൾ യെമൻ തലസ്ഥാനമായ സനാ പിടിച്ചെടുത്തതോടെയാണ് ആഭ്യന്തരയുദ്ധം നിർണായക ഘട്ടത്തിലെത്തിയത്. അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാർ തലസ്ഥാനത്ത് നിന്ന് പുറത്തേക്ക് നീങ്ങേണ്ടിവന്നു. 2015ൽ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യം യെമനിൽ ഇടപെട്ടു. സർക്കാരിനെ പുനഃസ്ഥാപിക്കുന്നതിനും ഇറാന്റെ സ്വാധീനം തടയുന്നതിനുമായിരുന്നു ഇടപെടൽ.

വർഷങ്ങളോളം നീണ്ട സൈനിക നടപടികൾക്ക് ശേഷവും ഹൂത്തികളെ പരാജയപ്പെടുത്താൻ കഴിഞ്ഞില്ല. 2022ൽ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ ശത്രുതയും അതിർത്തി കടന്നുള്ള ആക്രമണങ്ങളും ഗണ്യമായി കുറച്ചു. ആറ് മാസത്തിന് ശേഷം വെടിനിർത്തൽ ഔദ്യോഗികമായി അവസാനിച്ചെങ്കിലും വലിയ തോതിലുള്ള ഏറ്റുമുട്ടലുകൾ വർഷങ്ങളോളം പരിമിതമായിരുന്നു.

വീണ്ടും സംഘർഷത്തിലേക്ക്

ജൂലൈയിൽ സംഘർഷം വീണ്ടും ശക്തമായി. ഹൂത്തി പ്രതിനിധി സംഘവുമായി എത്തിയ ഇറാനിയൻ വിമാനം സനാ വിമാനത്താവളത്തിൽ ഇറങ്ങുന്നത് തടയാൻ യെമൻ സർക്കാർ സേന റൺവേ ആക്രമിച്ചതോടെയാണ് പുതിയ ഘട്ടത്തിന് തുടക്കമായതെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി അവസാനം യുഎസ്–ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘമാണ് വിമാനത്തിലുണ്ടായിരുന്നതെന്നും റിപ്പോർട്ടുണ്ട്.

വിമാനത്താവളത്തിലെ ആക്രമണത്തിന് സൗദി അറേബ്യയെ ഹൂത്തികൾ കുറ്റപ്പെടുത്തി. തുടർന്ന് സംഘർഷം വീണ്ടും ആരംഭിച്ചതായി പ്രഖ്യാപിക്കുകയും സൗദിക്കെതിരെ തിരിച്ചടികൾ നടത്തുകയും ചെയ്തു.

സെപ്റ്റംബറിൽ ഹൂത്തികൾ ശ്രദ്ധേയമായ പ്രാദേശിക മുന്നേറ്റങ്ങൾ നടത്തിയതോടെ സാഹചര്യം കൂടുതൽ രൂക്ഷമായി. ചെങ്കടൽ തീരത്തും ബാബ് എൽ-മന്ദേബിന് സമീപമുള്ള മോച്ച ഉൾപ്പെടെയുള്ള തന്ത്രപ്രധാന പ്രദേശങ്ങളും ഹൂത്തികൾ പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. തെക്കൻ തുറമുഖ നഗരമായ ഏദനിലേക്കുള്ള പ്രധാന വിതരണ പാത മുറിച്ചുമാറ്റിയതിന് പിന്നാലെ വടക്കും തെക്കും യെമനെ ചെങ്കടൽ തീരവുമായി ബന്ധിപ്പിക്കുന്ന പ്രധാന നഗരമായ തായിസിനെ വളഞ്ഞതായും ഹൂത്തികൾ അവകാശപ്പെട്ടു.

സൗദി അറേബ്യ വീണ്ടും ഇടപെടുന്നതെന്തിന്?

യെമനുമായി ദീർഘമായ അതിർത്തി പങ്കിടുന്നതിനാൽ അവിടത്തെ സംഘർഷം സൗദി അറേബ്യയുടെ നേരിട്ടുള്ള സുരക്ഷാ ആശങ്കയാണ്. സൗദി പ്രദേശങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള ശേഷി ഹൂത്തികൾ നേരത്തെ തന്നെ പലതവണ തെളിയിച്ചിട്ടുണ്ട്.

2022ലെ വെടിനിർത്തലിന് ശേഷം വർഷങ്ങളായി തുടരുന്ന ചെലവേറിയ യുദ്ധത്തിൽ നിന്ന് പിന്മാറാനും ഹൂത്തികളുമായി ചർച്ചകൾ നടത്താനുമാണ് സൗദി ശ്രമിച്ചിരുന്നത്. എന്നാൽ ചെങ്കടൽ തീരത്തെ ഹൂത്തി മുന്നേറ്റങ്ങളും അതിർത്തി കടന്നുള്ള ആക്രമണങ്ങളും റിയാദിനെ വീണ്ടും സൈനിക ഇടപെടലിലേക്ക് നയിച്ചിരിക്കുകയാണ്.

സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ ഭാഗമായി 100 യുദ്ധവിമാനങ്ങൾ ‘ഓപ്പറേഷൻ ഡോൺ ഓഫ് യെമൻ’ എന്ന നടപടിയിൽ പങ്കെടുക്കുന്നതായും സർക്കാർ സേനയ്ക്ക് വ്യോമപിന്തുണ നൽകുന്നതായും 324 ‘ഉയർന്ന മൂല്യമുള്ള’ ഹൂത്തി ലക്ഷ്യങ്ങൾ തകർത്തതായും അവകാശപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെ ഇരുവശത്തുമായി നൂറുകണക്കിന് പോരാളികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

സൗദി നഗരങ്ങൾ, വിമാനത്താവളങ്ങൾ, സൈനിക കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിലൂടെയാണ് ഹൂത്തികൾ തിരിച്ചടിക്കുന്നത്.

ഇറാന്റെ പങ്കെന്ത്?

യെമനിലെ പുതിയ സംഘർഷത്തിന് ഇറാന്റെ പിന്തുണയും വലിയ പ്രാധാന്യമുണ്ട്. സെപ്റ്റംബറിൽ ചെങ്കടൽ തീരത്ത് ഹൂത്തികൾ നടത്തിയ ആക്രമണം ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും ഇറാനിയൻ ഉപദേഷ്ടാക്കൾ സഹായിച്ചതായി അമേരിക്കൻ അസോസിയേറ്റഡ് പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഓപ്പറേഷന്റെ വിവിധ തലങ്ങളിൽ ഇറാനിയൻ ഉദ്യോഗസ്ഥരുടെ പങ്കാളിത്തമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ഹൂത്തികൾക്കെതിരായ നേരിട്ടുള്ള സൈനിക ആക്രമണം അമേരിക്ക പുനരാരംഭിച്ചിട്ടില്ലെങ്കിലും സൗദിക്ക് രഹസ്യാന്വേഷണ വിവരങ്ങളും ലക്ഷ്യനിർണയ സഹായവും പ്രവർത്തന ആസൂത്രണ പിന്തുണയും വാഷിങ്ടൺ നൽകുന്നതായി അമേരിക്കൻ, പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു.

ഇതിനിടെ സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ ‘മക്ക സഖ്യ’ത്തിലെ കൂട്ടായ പ്രതിരോധ സംവിധാനങ്ങൾ ആദ്യമായി സജീവമാക്കി. ഓഗസ്റ്റിൽ ഒപ്പുവച്ച കരാർ പ്രകാരം അംഗരാജ്യങ്ങളിലൊന്നിനെതിരെ ആക്രമണമുണ്ടായാൽ മറ്റ് അംഗങ്ങൾ പ്രതികരിക്കേണ്ട ബാധ്യതയുണ്ട്.

ഹൂത്തികൾക്കെതിരെ ആരൊക്കെ?

ഹൂത്തികൾക്കെതിരെ പോരാടുന്ന യെമൻ അനുകൂല സേനകൾക്കിടയിലും രാഷ്ട്രീയവും പ്രാദേശികവുമായ ഭിന്നതകളുണ്ട്. അന്താരാഷ്ട്ര അംഗീകാരമുള്ള യെമൻ സർക്കാർ സൗദി അറേബ്യയെ വലിയ തോതിൽ ആശ്രയിക്കുന്നുണ്ട്. എന്നാൽ സർക്കാർ അനുകൂല സംഘടനകൾക്ക് വ്യത്യസ്ത രാഷ്ട്രീയ താൽപ്പര്യങ്ങളും പ്രാദേശിക വിശ്വസ്തതകളുമുണ്ട്.

ഒരുകാലത്ത് സൗദിയുടെ പ്രധാന സഖ്യകക്ഷിയായിരുന്ന യുഎഇ, സ്വതന്ത്ര ദക്ഷിണ യെമൻ ആവശ്യപ്പെടുന്ന ഗ്രൂപ്പുകൾ ഉൾപ്പെടെയുള്ള ശക്തമായ ദക്ഷിണ സേനകൾക്ക് പിന്തുണ നൽകിയിട്ടുണ്ട്. സൗദിയും യുഎഇയും ചില ഘട്ടങ്ങളിൽ വ്യത്യസ്ത ലക്ഷ്യങ്ങൾ പിന്തുടർന്നിരുന്നെങ്കിലും ഇരുരാജ്യങ്ങളുടെയും പിന്തുണയുള്ള സേനകൾ ഇപ്പോൾ ഹൂത്തി മുന്നേറ്റത്തെ നേരിടുകയാണ്.

പാശ്ചാത്യ രാജ്യങ്ങളും സൗദിക്ക് സൈനിക പിന്തുണ നൽകുന്നുണ്ട്. സൗദിയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായമായി യുകെ ആർഎഎഫ് വോയേജർ ടാങ്കർ വിന്യസിച്ചിട്ടുണ്ട്. ചെങ്കടലിലെ പ്രധാന സൗദി എണ്ണ കയറ്റുമതി കേന്ദ്രമായ യാൻബുവിന് ചുറ്റുമുള്ള ഊർജ അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണത്തിനായി സൈനികരെയും റഡാറുകളും വ്യോമപ്രതിരോധ സംവിധാനങ്ങളും വിന്യസിക്കുമെന്ന് ഫ്രാൻസും പ്രഖ്യാപിച്ചിട്ടുണ്ട്.

എന്തുകൊണ്ട് ബാബ് എൽ-മന്ദേബ് നിർണായകം?

യെമനെയും ആഫ്രിക്കൻ കൊമ്പിനെയും വേർതിരിക്കുന്ന ഇടുങ്ങിയ കടലിടുക്കാണ് ബാബ് എൽ-മന്ദേബ്. ചെങ്കടലിനെ ഏദൻ ഉൾക്കടലുമായും തുടർന്ന് ഇന്ത്യൻ മഹാസമുദ്രവുമായും ബന്ധിപ്പിക്കുന്ന ഈ ജലപാത ആഗോള വ്യാപാരത്തിന് ഏറെ നിർണായകമാണ്. സൂയസ് കനാൽ വഴി ഏഷ്യയ്ക്കും യൂറോപ്പിനുമിടയിൽ സഞ്ചരിക്കുന്ന നിരവധി കപ്പലുകൾ ഈ കടലിടുക്കിലൂടെ കടന്നുപോകുന്നു.

അറേബ്യൻ ഉപദ്വീപിന്റെ മറുവശത്തുള്ള ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാനെതിരായ യുഎസ്–ഇസ്രായേൽ സൈനിക നടപടികളുടെ പശ്ചാത്തലത്തിൽ തടസ്സപ്പെടുന്ന സാഹചര്യത്തിൽ ബാബ് എൽ-മന്ദേബിന്റെ തന്ത്രപ്രധാന്യം കൂടുതൽ വർധിച്ചിരിക്കുകയാണ്.

ഹോർമുസ് കടലിടുക്ക് ഒഴിവാക്കി സൗദിക്ക് കിഴക്കൻ എണ്ണ ഉൽപ്പാദന മേഖലകളിൽ നിന്ന് കിഴക്ക്–പടിഞ്ഞാറൻ പൈപ്പ്‌ലൈൻ വഴി ചെങ്കടലിലെ യാൻബുവിലേക്ക് ക്രൂഡ് ഓയിൽ എത്തിക്കാനും സാധിക്കും. അതിനാൽ തന്നെ യെമനിലെ പുതിയ സംഘർഷം പ്രാദേശിക സുരക്ഷയെ മാത്രമല്ല, ചെങ്കടൽ വഴിയുള്ള ആഗോള വ്യാപാരത്തെയും ഊർജ വിതരണത്തെയും നേരിട്ട് ബാധിക്കാവുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക