ഉത്തർപ്രദേശിൽ സീറ്റ് വിഭജനത്തെച്ചൊല്ലി കോൺഗ്രസും സമാജ്വാദി പാർട്ടിയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്പിക്ക് മുന്നണിയിൽ രണ്ടാം സ്ഥാനം നൽകുന്ന പതിവിൽ നിന്ന് മാറി, ബിജെപിയുടെ മാതൃകയിൽ ചെറുകക്ഷികളെ ഉൾപ്പെടുത്തി വിപുലമായ സഖ്യം രൂപീകരിക്കാനാണ് കോൺഗ്രസ് നീക്കം നടത്തുന്നതെന്നാണ് സൂചന.
2017ലെയും 2022ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വൻ വിജയത്തിന് പിന്നിൽ യാദവ് ഇതര ഒബിസി വിഭാഗങ്ങളെയും ദളിത് വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന ചെറുകക്ഷികളുമായുള്ള സഖ്യങ്ങൾ നിർണായകമായിരുന്നു. ജാതി സമവാക്യങ്ങൾ അനുകൂലമാക്കുന്നതിലും ഇത്തരം സഖ്യങ്ങൾ ബിജെപിക്ക് നേട്ടമുണ്ടാക്കി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും നിഷാദ് പാർട്ടി, അപ്നാ ദൾ (സോണലാൽ) തുടങ്ങിയ ചെറുകക്ഷികളുമായി ബിജെപി സഖ്യമുണ്ടാക്കിയിരുന്നു. ഇതിലൂടെ 403 അംഗ നിയമസഭയിൽ 255 സീറ്റുകൾ നേടാൻ ബിജെപിക്ക് സാധിച്ചു. 2017ലെ 312 സീറ്റുകളെ അപേക്ഷിച്ച് കുറവാണെങ്കിലും വലിയ ഭൂരിപക്ഷമാണ് ബിജെപി സ്വന്തമാക്കിയത്.
ഈ മാതൃകയിൽ നിന്ന് പാഠമുൾക്കൊണ്ടാണ് കോൺഗ്രസ് പുതിയ സഖ്യനീക്കത്തിന് ഒരുങ്ങുന്നതെന്നാണ് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. 403 നിയമസഭാ സീറ്റുകളിൽ 200 സീറ്റുകൾ ആവശ്യപ്പെടാനാണ് കോൺഗ്രസിന്റെ നീക്കമെന്നും, ഇതിൽ ഒരു വിഭാഗം സീറ്റുകൾ സഖ്യത്തിന് തയ്യാറുള്ള ചെറുകക്ഷികൾക്ക് നൽകാനാണ് ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്.
സ്വാമി പ്രസാദ് മൗര്യയുടെ നേതൃത്വത്തിലുള്ള വിഭാഗവും നിഷാദ് പാർട്ടിയും ഉൾപ്പെടെയുള്ള ചില കക്ഷികൾ കോൺഗ്രസുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിട്ട സ്വാമി പ്രസാദ് മൗര്യ ഫാസിൽനഗറിൽ എസ്പി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. അതേസമയം, ബിജെപിയുമായി സഖ്യത്തിലായിരുന്ന നിഷാദ് പാർട്ടി ആറ് സീറ്റുകൾ നേടിയിരുന്നു.
ശനിയാഴ്ച സ്വാമി പ്രസാദ് മൗര്യ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഡൽഹിയിൽ സന്ദർശിച്ചതോടെ അദ്ദേഹം കോൺഗ്രസുമായി സഹകരിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായി.
യുപിയിൽ ഇനി ‘ഇളയ സഹോദരൻ’ എന്ന നിലയിൽ തുടരേണ്ടതില്ലെന്നാണ് കോൺഗ്രസിന്റെ നിലപാടെന്നാണ് പാർട്ടി വൃത്തങ്ങളുടെ സൂചന. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലടക്കം ബിജെപിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ് മുന്നിൽ നിന്നുവെന്നും വോട്ടർപട്ടിക, ‘വോട്ട് മോഷണം’ തുടങ്ങിയ വിഷയങ്ങളിൽ പാർട്ടി ശക്തമായ നിലപാടെടുത്തുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
സീറ്റ് വിഭജന ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് യുപിയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് രാജേന്ദ്ര പാൽ ഗൗതം നിരന്തരം നിലപാട് വ്യക്തമാക്കുന്നുണ്ട്. കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾക്ക് മറുപടിയായി സമാജ്വാദി പാർട്ടി എംപി ധർമേന്ദ്ര യാദവും സംഘടനാ ശക്തിയും സംസ്ഥാനത്തെ രാഷ്ട്രീയ യാഥാർഥ്യങ്ങളും ചൂണ്ടിക്കാട്ടി പ്രതികരിച്ചിട്ടുണ്ട്.
അതേസമയം, സീറ്റ് വിഭജന ചർച്ചകൾ ഏകോപിപ്പിക്കുന്നതിനായി വരും ദിവസങ്ങളിൽ പ്രത്യേക കമ്മിറ്റി രൂപീകരിക്കാൻ കോൺഗ്രസ് ആലോചിക്കുന്നതായാണ് വിവരം. എസ്പിയുമായുള്ള തുടർ ചർച്ചകൾക്കായി മുതിർന്ന സംസ്ഥാന നേതാക്കളെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കും.
