ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഹർമൻപ്രീത് കൗർ പടിയിറങ്ങി. സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലാണ് ഹർമൻപ്രീത് ഇക്കാര്യം അറിയിച്ചത്. ബിസിസിഐയുടെ അവലോകന യോഗത്തിന് പിന്നാലെയാണ് ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള തീരുമാനം.
ഇന്ത്യൻ വനിതാ ടീമിനെ ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് ഹർമൻപ്രീത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ട്വന്റി-20യിൽ സ്വർണം നേടിയതിനു പിന്നാലെയാണ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഹർമൻപ്രീത് ഒഴിയുന്നത്.
ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ, വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന, പരിശീലകൻ അമോൽ മുസുംദാർ എന്നിവരും പങ്കെടുത്ത അവലോകന യോഗത്തിലാണ് ഹർമൻപ്രീതിന്റെ ക്യാപ്റ്റൻ സ്ഥാനവുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടായത്. 2013ലാണ് ഹർമൻപ്രീത് ഏകദിന ടീമിന്റെ ക്യാപ്റ്റനാകുന്നത്.
ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത് എളുപ്പമുള്ള തീരുമാനമായിരുന്നില്ലെന്ന് ഹർമൻപ്രീത് സാമൂഹികമാധ്യമ കുറിപ്പിൽ വ്യക്തമാക്കി. വർഷങ്ങളായുള്ള ഓർമകളും വികാരങ്ങളും ത്യാഗങ്ങളും ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാകുന്ന നിരവധി നിമിഷങ്ങളും ഈ യാത്രയുടെ ഭാഗമാണെന്ന് ഹർമൻപ്രീത് കുറിച്ചു.
ക്യാപ്റ്റനെന്ന നിലയിൽ ടീമിനൊപ്പമുണ്ടായിരുന്ന കാലയളവിന് നന്ദി അറിയിച്ച ഹർമൻപ്രീത്, ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ഭാഗമായുള്ള തന്റെ യാത്ര തുടരുമെന്ന സൂചനയും നൽകി.
