ഫ്ലൈദുബായ് വിമാനത്തിന് നേരെയുണ്ടായ ആക്രമണശ്രമത്തിന് പിന്നിൽ ഇറാനാണെന്ന് താൻ വ്യക്തിപരമായി വിശ്വസിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ടെഹ്റാന്റെ പങ്കാളിത്തം സ്ഥിരീകരിക്കുന്ന നിർണായക തെളിവുകളൊന്നും ഇതുവരെ കണ്ടിട്ടില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി.
ഫ്ലൈദുബായ് സംഭവത്തിൽ ഇറാന്റെ പങ്ക് സംബന്ധിച്ച മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. എന്നാൽ തന്റെ വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും അദ്ദേഹം കൈമാറിയില്ല. സംഭവത്തെക്കുറിച്ചുള്ള അന്തിമ വിലയിരുത്തൽ ഇന്റലിജൻസ് വിഭാഗത്തിന് വിട്ടുകൊടുക്കുകയാണെന്ന് വാൻസ് പറഞ്ഞു.
ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലെ വിദേശ പൈലറ്റുമാർ ഉൾപ്പെടെയുള്ള വിമാന ജീവനക്കാരുടെ സുരക്ഷാ പരിശോധനകളും നടപടിക്രമങ്ങളും പുനഃപരിശോധിക്കുന്നുണ്ടെന്നും വാൻസ് വ്യക്തമാക്കി. അപകടസാധ്യതയുള്ള വ്യക്തികൾ വിമാനങ്ങൾ നിയന്ത്രിക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ബ്രിട്ടനിൽ ലഭിച്ച പ്രത്യേക സുരക്ഷാ ഭീഷണിയുടെ പശ്ചാത്തലത്തിൽ യുഎസ് ബോംബർ വിമാനങ്ങളെ സൈനിക താവളത്തിൽ നിന്ന് മാറ്റിയതായി ട്രംപ് സ്ഥിരീകരിച്ചു. വിമാനങ്ങൾ മാറ്റിയത് ആകസ്മികമായ നടപടിയല്ലെന്നും പ്രത്യേക ഭീഷണി ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭീഷണിക്ക് പിന്നിലുള്ളവരെ അമേരിക്കയ്ക്ക് അറിയാമെന്നും അവർക്കു ഇറാനുമായി ബന്ധമുണ്ടാകാമെന്നും ട്രംപ് ആരോപിച്ചു. ഇറാൻ ബ്രിട്ടനിലേക്ക് യുദ്ധ ഡ്രോണുകൾ എത്തിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ ഇറാൻ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യുകെ സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട് ഇറാന്റെ ഇടപെടൽ ഉണ്ടാകാമെന്ന കാര്യത്തിൽ ഭരണകൂടത്തിന് ആശങ്കയുണ്ടെന്ന് വാൻസും സൂചിപ്പിച്ചു. ഇറാൻ ദീർഘകാലമായി ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന രാജ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, ഇറാനുമായി നേരിട്ട് ചർച്ച നടത്താനുള്ള സാധ്യത തള്ളിക്കളയാതിരുന്ന ട്രംപ്, നയതന്ത്ര ചർച്ചകൾക്ക് താൻ എപ്പോഴും തയ്യാറാണെന്നും വ്യക്തമാക്കി.
ഇറാന്റെ ആണവപദ്ധതിയെക്കുറിച്ചുള്ള തന്റെ നിലപാടും ട്രംപ് ആവർത്തിച്ചു. ഇറാന് ഒരിക്കലും ആണവായുധം സ്വന്തമാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
