സർക്കാരിന്റെ തലപ്പത്ത് തുടർച്ചയായി 25 വർഷം പൂർത്തിയാക്കിയ വേളയിൽ രാജ്യത്തെ ജനങ്ങൾക്ക് ഹൃദയംഗമമായ നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസമാണ് തന്റെ ഏറ്റവും വലിയ ഉത്തരവാദിത്തമെന്നും രാജ്യത്തെ ഓരോ പൗരനും തന്റെ മേൽ വലിയ അവകാശമുണ്ടെന്നും മോദി പറഞ്ഞു.
ഡൽഹിയിൽ നടന്ന ‘വികസിത് ഭാരത് സങ്കൽപ്പ് സഭ’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ പ്രധാനമന്ത്രിക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ജനങ്ങൾ പൂക്കൾ വർഷിക്കുകയും ബിജെപി പതാകകൾ വീശുകയും ‘ഭാരത് മാതാ കീ ജയ്’, ‘സ്വാഗതം ഹേ ഭായ് സ്വാഗതം ഹേ, മോദിജി കാ സ്വാഗതം ഹേ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.
2001 ഒക്ടോബർ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ 25 വർഷത്തെ പൊതുജീവിതത്തിന്റെ ഈ നാഴികക്കല്ലിലെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് മോദി പറഞ്ഞു. ജനങ്ങൾ തുടർച്ചയായി നൽകിയ അനുഗ്രഹത്തിന്റെയും വിശ്വാസത്തിന്റെയും തെളിവാണ് ഈ നേട്ടമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പായാലും ലോക്സഭാ തിരഞ്ഞെടുപ്പായാലും കഴിഞ്ഞ 25 വർഷമായി ജനങ്ങൾ തന്നെ അവരുടെ സേവകനായി തിരഞ്ഞെടുത്തുവെന്ന് മോദി പറഞ്ഞു. ജനാധിപത്യത്തിൽ വലിയ വിശ്വാസമുള്ള ബിജെപി, എൻഡിഎ, മറ്റ് രാഷ്ട്രീയ സഹപ്രവർത്തകർ എന്നിവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
ജനങ്ങളെയാണ് താൻ ദൈവത്തിന്റെ പ്രതിരൂപമായി കാണുന്നതെന്നും കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസവും തൊഴിലാളികളുടെ കഠിനാധ്വാനവുമാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്നും മോദി പറഞ്ഞു. രാജ്യം തനിക്ക് ഏറെ നൽകിയിട്ടുണ്ടെന്നും അതിനാൽ രാജ്യത്തോടുള്ള തന്റെ ഉത്തരവാദിത്തവും വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ ഡൽഹിയിലെ സരോജിനി നഗറിലെ ശ്രീ വിനായക് ക്ഷേത്രം സന്ദർശിച്ച് പ്രത്യേക പ്രാർഥനകൾ നടത്തിയതായും മോദി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ സന്തോഷത്തിനും സമൃദ്ധിക്കും ആരോഗ്യത്തിനുമായി പ്രാർഥിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
കേശുഭായ് പട്ടേലിന്റെ പിൻഗാമിയായാണ് 2001 ഒക്ടോബർ 7ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഭുജ് ഭൂകമ്പത്തിന് പിന്നാലെ സംസ്ഥാനം രാഷ്ട്രീയ-ഭരണപരമായ വെല്ലുവിളികൾ നേരിട്ടിരുന്ന ഘട്ടത്തിലായിരുന്നു അധികാരമേൽപ്പ്. 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായി തുടർന്ന മോദി പിന്നീട് ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. തുടർന്ന് മൂന്ന് തവണ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
പ്രധാനമന്ത്രിയായുള്ള മോദിയുടെ കാലയളവിൽ ഇന്ത്യയുടെ ആഗോളതലത്തിലെ സ്വാധീനം വർധിപ്പിക്കുന്നതിനും നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും വിവിധ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനും സർക്കാർ നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകി.
