മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തന ശൈലിയെ ചൊല്ലി കോൺഗ്രസിനുള്ളിൽ അതൃപ്തി ശക്തമാകുന്നു. സർക്കാർ തീരുമാനങ്ങളിൽ മതിയായ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന വിമർശനവുമായി രംഗത്തെത്തിയ കെ.പി.സി.സി മുൻ അധ്യക്ഷൻ കെ. സുധാകരൻ, അടൂർ പ്രകാശ് എംപിയുടെ പരാതിയിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു.
അടൂർ പ്രകാശ് ഉന്നയിച്ച ആരോപണങ്ങൾ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും അദ്ദേഹം കള്ളം പറയുന്ന വ്യക്തിയല്ലെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ പ്രവർത്തനങ്ങളിൽ കൂട്ടായ ചർച്ചകളും അഭിപ്രായ സമന്വയവും അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി കൂടിയാലോചനകൾ നടത്തുന്നില്ലെന്ന് ആരോപിച്ച് അടൂർ പ്രകാശ് നേരത്തെ പരസ്യ വിമർശനം നടത്തിയിരുന്നു. ബോർഡ്-കോർപറേഷൻ നിയമനങ്ങൾ, ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ നിയമനം, ഡൽഹിയിലെ പ്രത്യേക പ്രതിനിധി നിയമനം തുടങ്ങിയ സുപ്രധാന തീരുമാനങ്ങൾ ചർച്ച ചെയ്യാതെയാണെടുത്തതെന്നും പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
യു.ഡി.എഫ് യോഗം വിളിക്കേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ടായിരുന്നുവെങ്കിലും അതിനുള്ള ശ്രമം ഉണ്ടായില്ലെന്നും അടൂർ പ്രകാശ് ആരോപിച്ചു. വിഷയത്തിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നേരിട്ട് പരാതി നൽകിയതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മുസ്‌ലിം ലീഗിന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം നൽകിയതിന് പിന്നാലെയാണ് കോൺഗ്രസിനുള്ളിലെ അസ്വാരസ്യങ്ങൾ കൂടുതൽ പരസ്യമായത്. സർക്കാർ അധികാരത്തിലെത്തിയ ശേഷം ക്ലിഫ് ഹൗസിൽ ഒരുതവണ മാത്രമാണ് യു.ഡി.എഫ് യോഗം ചേർന്നതെന്നും വിമർശനം ഉയരുന്നു.
പാർട്ടിയാണ് വ്യക്തികളേക്കാൾ വലുതെന്നും നിർണായക തീരുമാനങ്ങൾ കൂട്ടായ ആലോചനകളിലൂടെ മാത്രമേ കൈക്കൊള്ളാവൂ എന്നുമാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്.
