ഇറാനെതിരായ യുഎസ് സൈനിക നടപടിയിൽ അമേരിക്കൻ വ്യോമസേനയ്ക്ക് കനത്ത നഷ്ടമുണ്ടായതായി റിപ്പോർട്ട്. ഈ വർഷം ഫെബ്രുവരി 28ന് ആരംഭിച്ച ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യിൽ കുറഞ്ഞത് 81 യുദ്ധവിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ആളില്ലാ ആകാശ വാഹനങ്ങൾ എന്നിവ നശിക്കുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതായി യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസിന്റെ (CRS) ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.
നഷ്ടമായ സൈനിക ഉപകരണങ്ങൾ മാറ്റിസ്ഥാപിക്കുന്നതിന് 3.3 ബില്യൺ ഡോളർ വരെ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. ഒക്ടോബർ 5ന് പുറത്തുവന്ന റിപ്പോർട്ട് യുഎസ് സൈനിക പ്രസ്താവനകൾ, മാധ്യമ റിപ്പോർട്ടുകൾ, പ്രതിരോധ വകുപ്പിന്റെ വിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ്. മെയ് മാസത്തിലെ റിപ്പോർട്ടിൽ 42 ഉപകരണങ്ങളായിരുന്നു നഷ്ടപ്പെട്ടതായി കണക്കാക്കിയിരുന്നത്. പിന്നീട് ഉണ്ടായ നഷ്ടങ്ങളും നേരത്തെ കണക്കിലെടുക്കാതിരുന്ന സംഭവങ്ങളും ഉൾപ്പെടുത്തിയതോടെയാണ് എണ്ണം 81 ആയി ഉയർന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
നഷ്ടങ്ങളിൽ ഭൂരിഭാഗവും ഡ്രോണുകളാണ്. കുറഞ്ഞത് 45 MQ-9 റീപ്പർ ഡ്രോണുകൾ നശിച്ചതായി റിപ്പോർട്ടിൽ പറയുന്നു. യുദ്ധത്തിന് മുമ്പ് ഏകദേശം 165 ഉണ്ടായിരുന്ന റീപ്പർ ഡ്രോണുകളുടെ എണ്ണം മെയ് മാസത്തോടെ 135 ആയി കുറഞ്ഞിരുന്നു. ഒരു MQ-4C ട്രൈറ്റൺ, മൂന്ന് MQ-1 സീരീസ് ഡ്രോണുകൾ എന്നിവയും നഷ്ടപ്പെട്ടു.
മനുഷ്യർ നിയന്ത്രിക്കുന്ന യുദ്ധവിമാനങ്ങളിലും കേടുപാടുകളും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 12 F-15E സ്ട്രൈക്ക് ഈഗിൾ വിമാനങ്ങൾക്ക് നാശനഷ്ടമുണ്ടായി. മാർച്ച് 2ന് കുവൈറ്റ് വ്യോമാതിർത്തിയിൽ ഉണ്ടായ ‘ഫ്രണ്ട്ലി ഫയർ’ സംഭവത്തിൽ മൂന്ന് വിമാനങ്ങൾ തകർന്നെങ്കിലും പൈലറ്റുമാർ രക്ഷപ്പെട്ടു. ഏപ്രിലിൽ ഇറാനിൽ മറ്റൊരു വിമാനം തകർന്നതായും ജീവനക്കാരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടിലുണ്ട്.
സെപ്റ്റംബറിൽ ജോർദാനിലെ വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാനിയൻ ആക്രമണത്തിൽ എട്ട് വിമാനങ്ങൾക്ക് നേരിയ കേടുപാടുകൾ സംഭവിച്ചു. ഇവ അറ്റകുറ്റപ്പണികൾക്ക് ശേഷം വീണ്ടും സർവീസിൽ പ്രവേശിച്ചതായും റിപ്പോർട്ട് പറയുന്നു.
ഒരു F-35A ലൈറ്റ്നിംഗ് II, രണ്ട് A-10 തണ്ടർബോൾട്ട് II, ഏഴ് KC-135 സ്ട്രാറ്റോടാങ്കറുകൾ, ഒരു E-3 സെൻട്രി, രണ്ട് MC-130J കമാൻഡോ II എന്നിവയ്ക്കും നാശനഷ്ടമോ കേടുപാടുകളോ സംഭവിച്ചതായി CRS റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹെലികോപ്റ്റർ വിഭാഗത്തിൽ ഒരു AH-64 അപ്പാച്ചെ, നാല് AH-6 ലിറ്റിൽ ബേർഡ്, ഒരു MH-60 സീ ഹോക്ക്, ഒരു HH-60W ജോളി ഗ്രീൻ II എന്നിവയും നഷ്ടപ്പെട്ടതായി റിപ്പോർട്ടിലുണ്ട്.
വൻ സാമ്പത്തിക നഷ്ടം
നശിച്ചതോ നഷ്ടമായതോ ആയ സൈനിക ഉപകരണങ്ങൾ മാത്രം പുനഃസ്ഥാപിക്കാൻ 1.9 ബില്യൺ മുതൽ 3.3 ബില്യൺ ഡോളർ വരെ ചെലവാകുമെന്ന് യുഎസ് കോൺഗ്രസ് ബജറ്റ് ഓഫീസ് (CBO) കണക്കാക്കുന്നു. അതേസമയം, സംഘർഷവുമായി ബന്ധപ്പെട്ട് യുഎസ് സെൻട്രൽ കമാൻഡ് ഇതുവരെ ചെലവഴിച്ച തുക ഏകദേശം 43.6 ബില്യൺ ഡോളറാണെന്നാണ് റിപ്പോർട്ട്.
സൈനിക നടപടികൾ തുടരുന്ന സാഹചര്യത്തിൽ നഷ്ടങ്ങളുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും CRS റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഭാവിയിലെ സൈനിക ഫണ്ടിംഗും തന്ത്രപരമായ മാറ്റങ്ങളും സംബന്ധിച്ച യുഎസ് കോൺഗ്രസിന്റെ തീരുമാനങ്ങളിലും റിപ്പോർട്ട് നിർണായകമായേക്കും. ഇസ്രായേലുമായി സഹകരിച്ചാണ് ഇറാനെതിരായ യുഎസ് സൈനിക നടപടികൾ നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
