42% വോട്ട് നേടിയാൽ അധിക സീറ്റുകൾ; അധികാരത്തിൽ തുടരാൻ ഇറ്റലിയിൽ തിരഞ്ഞെടുപ്പ് നിയമം മാറ്റി മെലോണി സർക്കാർ

2027ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇറ്റലിയിൽ പുതിയ തിരഞ്ഞെടുപ്പ് നിയമത്തിന് പാർലമെന്റിന്റെ അന്തിമ അംഗീകാരം ലഭിച്ചു. പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യം കൊണ്ടുവന്ന പരിഷ്‌കാരത്തെ പ്രതിപക്ഷം ശക്തമായി എതിർത്തു. പുതിയ നിയമം ഭരണസ്ഥിരത ഉറപ്പാക്കുന്നതിനായാണ് കൊണ്ടുവന്നതെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ, അധികാരം നിലനിർത്താനുള്ള ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ് ചട്ടങ്ങളിൽ മാറ്റം വരുത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

നിലവിലെ മിശ്ര തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന് പകരം പൂർണ ആനുപാതിക പ്രാതിനിധ്യ സംവിധാനം കൊണ്ടുവരുന്നതാണ് പരിഷ്‌കാരത്തിലെ പ്രധാന മാറ്റം. 42 ശതമാനത്തിലധികം വോട്ട് നേടുന്ന സഖ്യത്തിന് പാർലമെന്റിൽ ഭൂരിപക്ഷം ഉറപ്പാക്കുന്നതിനായി അധിക സീറ്റുകൾ നൽകും. അധോസഭയിൽ 70 സീറ്റുകളും സെനറ്റിൽ 35 സീറ്റുകളുമാണ് അധികമായി ലഭിക്കുക.

ഒരു സഖ്യത്തിനും 42 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തിലോ അധോസഭയിലും സെനറ്റിലും വ്യത്യസ്ത ഫലങ്ങളുണ്ടാകുന്ന സാഹചര്യത്തിലോ അധിക സീറ്റുകൾ നൽകാതെ ആനുപാതികമായി സീറ്റുകൾ വിതരണം ചെയ്യും. അമിതമായ ഭൂരിപക്ഷം ഒഴിവാക്കുന്നതിനായി അധിക സീറ്റുകൾ ഉൾപ്പെടെയുള്ള ആകെ പ്രാതിനിധ്യത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് മുമ്പ് ഓരോ സഖ്യവും പ്രധാനമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കണമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. കൂടാതെ പാർട്ടി പട്ടികയിലെ സ്ഥാനാർഥികളിൽ മൂന്ന് പേരെ വരെ വോട്ടർമാർക്ക് മുൻഗണന നൽകാനുള്ള അവസരവും ലഭിക്കും. ചെറുകിട, പുതിയ രാഷ്ട്രീയ പാർട്ടികൾക്ക് പുതിയ നിബന്ധനകൾ മത്സരത്തിൽ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് വിമർശനമുണ്ട്.

പുതിയ നിയമം ഭരണസ്ഥിരത വർധിപ്പിക്കുമെന്നും തിരഞ്ഞെടുപ്പിന് ശേഷം സർക്കാർ രൂപീകരിക്കുന്നതിനുള്ള അനിശ്ചിതത്വം കുറയ്ക്കുമെന്നും മെലോണി സർക്കാർ പറയുന്നു. എന്നാൽ അധിക സീറ്റുകൾ നൽകുന്ന സംവിധാനം ഭരണഘടനാപരമാണോ എന്നതടക്കമുള്ള ചോദ്യങ്ങൾ പ്രതിപക്ഷം ഉയർത്തിയിട്ടുണ്ട്. നിയമത്തെ ഭരണഘടനാ കോടതിയിൽ ചോദ്യം ചെയ്യാനുള്ള നീക്കവും പ്രതിപക്ഷം സൂചിപ്പിച്ചിട്ടുണ്ട്.

വ്യാഴാഴ്ച നടന്ന രഹസ്യ ബാലറ്റിൽ 227 വോട്ടിനെതിരെ 164 വോട്ടുകൾക്കാണ് അധോസഭ നിയമത്തിന് അന്തിമ അംഗീകാരം നൽകിയത്. 2027ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരും.

മറുപടി രേഖപ്പെടുത്തുക