ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് ചുവടുവെച്ച് റോയൽ എൻഫീൽഡ്. കമ്പനിയുടെ ഇലക്ട്രിക് മൊബിലിറ്റി ബ്രാൻഡായ ഫ്ലയിംഗ് ഫ്ലീയുടെ C6 ഇലക്ട്രിക് മോട്ടോർസൈക്കിൾ ഹൈദരാബാദിൽ അവതരിപ്പിച്ചു. ബെംഗളൂരുവിന് പിന്നാലെ ഈ മോഡൽ ലഭ്യമാകുന്ന രണ്ടാമത്തെ ഇന്ത്യൻ നഗരമാണ് ഹൈദരാബാദ്. 2026 ഒക്ടോബർ 9 മുതൽ നഗരത്തിൽ വിൽപ്പനയും സർവീസ് സൗകര്യങ്ങളും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കാൻ ഹബ് ആൻഡ് സ്പോക്ക് മാതൃകയിലാണ് കമ്പനി സർവീസ് ശൃംഖല ഒരുക്കിയിരിക്കുന്നത്. എറഗദ്ദ മെയിൻ റോഡിൽ ഫ്ലാഗ്ഷിപ്പ് സ്റ്റോർ സ്ഥാപിച്ചിട്ടുണ്ട്. വനസ്ഥലിപുരത്തെ ടോറസ് മോട്ടോഴ്‌സ്, ഹൈടെക് സിറ്റിയിലെ ബോൾട്ട് മോട്ടോർസൈക്കിൾസ് എൽഎൽപി, കൊണ്ടാപൂരിലെ എസ്‌വിആർ മോട്ടോഴ്‌സ് എന്നീ ഔട്ട്‌ലെറ്റുകൾ വഴിയും സർവീസും അറ്റകുറ്റപ്പണികളും ലഭിക്കും. ബൈക്ക് ഉടമകൾക്ക് 24 മണിക്കൂറും റോഡ്‌സൈഡ് അസിസ്റ്റൻസും ലഭ്യമാണ്.
വിലയും ബാറ്ററി സൗകര്യവും
ഹൈദരാബാദിൽ ഫ്ലയിംഗ് ഫ്ലീ C6യുടെ എക്‌സ്-ഷോറൂം വില 2.79 ലക്ഷം രൂപയാണ്. ബാറ്ററി-ആസ്-എ-സർവീസ് (BaaS) ഓപ്ഷൻ തിരഞ്ഞെടുക്കുന്നവർക്ക് ബാറ്ററിയുടെ വില ഒഴിവാക്കി 1.99 ലക്ഷം രൂപയ്ക്ക് ബൈക്ക് സ്വന്തമാക്കാം. സ്റ്റോം ബ്ലാക്ക്, ഫ്ലീ ഗ്രീൻ, പാരച്യൂട്ട് വൈറ്റ് എന്നീ മൂന്ന് നിറങ്ങളിലാണ് മോട്ടോർസൈക്കിൾ ലഭ്യമാകുന്നത്.
ഒറ്റ ചാർജിൽ 154 കിലോമീറ്റർ റേഞ്ച്
1940കളിലെ ക്ലാസിക് ഫ്ലയിംഗ് ഫ്ലീ മോട്ടോർസൈക്കിളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട നിയോ-റെട്രോ രൂപകൽപ്പനയാണ് C6യുടെ പ്രധാന ആകർഷണം. 3.91 kWh ലിഥിയം-അയൺ ബാറ്ററിയും 15.4 kW പവറും 60 Nm ടോർക്കും നൽകുന്ന ഇലക്ട്രിക് മോട്ടോറുമാണ് വാഹനത്തിലുള്ളത്. ഒറ്റ ചാർജിൽ 154 കിലോമീറ്റർ IDC റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 3.7 സെക്കൻഡിൽ മണിക്കൂറിൽ 0ൽ നിന്ന് 60 കിലോമീറ്റർ വേഗതയിലെത്താനും പരമാവധി 115 കിലോമീറ്റർ വേഗത കൈവരിക്കാനും ബൈക്കിന് കഴിയും.
ആധുനിക സാങ്കേതിക സവിശേഷതകൾ
ഗൂഗിൾ മാപ്‌സ് മിററിംഗ്, ക്രൂയിസ് കൺട്രോൾ, ഇക്കോ, റെയിൻ, ഹൈവേ, സ്‌പോർട്, കസ്റ്റം എന്നീ അഞ്ച് റൈഡിങ് മോഡുകൾ എന്നിവ C6യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോർണറിങ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ, മോഷണ മുന്നറിയിപ്പ് സംവിധാനം എന്നിവയും വൃത്താകൃതിയിലുള്ള ടച്ച്‌സ്‌ക്രീൻ ടിഎഫ്ടി കൺസോളും വാഹനത്തിന്റെ സവിശേഷതകളാണ്.
യൂറോപ്പ്, യുകെ വിപണികളിലും പ്രവേശിച്ച ഫ്ലയിംഗ് ഫ്ലീ C6, ഇന്ത്യയിൽ ഘട്ടംഘട്ടമായി വിപുലീകരിക്കാനുള്ള കമ്പനിയുടെ പദ്ധതിയുടെ ഭാഗമായാണ് ഹൈദരാബാദിലെത്തുന്നത്.
