മുസ്ലീം സമൂഹത്തിന് ഗാന്ധി, നെഹ്റു, യാദവ കുടുംബങ്ങളുടെ നേതൃത്വമല്ല ആവശ്യമെന്നും സ്വന്തം സമുദായത്തിൽനിന്ന് നേതാക്കൾ ഉയർന്നുവരണമെന്നും എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. ഉത്തർപ്രദേശിലെ റാംപൂരിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീങ്ങൾ ആരുടെയും അടിമകളല്ലെന്നും പരമ്പരാഗത രാഷ്ട്രീയ പാർട്ടികളെ മാത്രം ആശ്രയിക്കേണ്ടതില്ലെന്നും ഒവൈസി പറഞ്ഞു. നെഹ്റുവിനെയോ ഗാന്ധിയെയോ പോലുള്ള നേതാക്കൾ ഉയർന്നുവരുമെന്ന പ്രതീക്ഷയിൽ മറ്റു പാർട്ടികളെ പിന്തുണയ്ക്കാൻ ചിലർ ഇപ്പോഴും മുസ്ലീം സമൂഹത്തോട് ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം വിമർശിച്ചു.
“മറ്റുള്ളവരെ പിന്തുണയ്ക്കാനാണ് അവർ പറയുന്നത്. എന്നാൽ നിങ്ങൾ തന്നെ നേതാവായി ഉയർന്നുവരണമെന്നാണ് എന്റെ നിലപാട്. ഇതാണ് അവരും ഒവൈസിയും തമ്മിലുള്ള വ്യത്യാസം,” അദ്ദേഹം പറഞ്ഞു.
മറ്റ് സമുദായങ്ങൾക്ക് തുല്യമായ കഴിവുകളുണ്ടായിട്ടും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ മുസ്ലീം യുവാക്കളെ വോട്ട് ബാങ്കായി മാത്രം കാണുകയാണെന്നും അവർക്ക് അർഹമായ രാഷ്ട്രീയ വേദി നൽകുന്നില്ലെന്നും ഒവൈസി ആരോപിച്ചു.
മുസ്ലീം യുവാക്കൾക്കും പിന്നാക്കം നിൽക്കുന്ന സമൂഹങ്ങൾക്കും രാഷ്ട്രീയത്തിൽ സ്വന്തം ശബ്ദം ഉറപ്പാക്കുകയാണ് എഐഎംഐഎമ്മിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു പാർട്ടികളെ ആശ്രയിക്കാതെ സ്വതന്ത്രമായി സ്വന്തം നേതൃത്വം കെട്ടിപ്പടുക്കാൻ യുവാക്കൾ മുന്നോട്ടുവരണമെന്നും ഒവൈസി ആഹ്വാനം ചെയ്തു.
