സിജെപിയെ പിന്തുണയ്ക്കില്ല, പക്ഷേ അവർക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്; നിലപാട് വ്യക്തമാക്കി അണ്ണാമലൈ

കോക്രോച്ച് ജനതാ പാർട്ടിയെ (സിജെപി) ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് തമിഴ്നാട് ബിജെപി മുൻ പ്രസിഡന്റ് കെ. അണ്ണാമലൈ. സിജെപിയുടെ അജണ്ടയോടും ലക്ഷ്യങ്ങളോടും യോജിപ്പില്ലെങ്കിലും ജനാധിപത്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പോരാടാനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ സിജെപി പ്രവർത്തകർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചതിനെച്ചൊല്ലി ബിജെപിക്കുള്ളിൽ ഭിന്നാഭിപ്രായങ്ങൾ ഉയരുന്നതിനിടെയാണ് അണ്ണാമലൈയുടെ പ്രതികരണം.

‘വി ദി ലീഡേഴ്‌സ്’ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ, സിജെപി പ്രവർത്തകർ നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ നിയമാനുസൃതമായി നടപടിയെടുക്കണമെന്നും എന്നാൽ പക്ഷപാതപരമായി പെരുമാറരുതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയുണ്ടെങ്കിൽ രഹസ്യാന്വേഷണ ഏജൻസികൾക്ക് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്നും സോഷ്യൽ മീഡിയയിലൂടെ അനാവശ്യ ഭീതി സൃഷ്ടിക്കരുതെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നല്ല പ്രവർത്തനങ്ങളെ പിന്തുണയ്ക്കുമെന്നും തെറ്റാണെന്ന് തോന്നുന്ന കാര്യങ്ങളെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിനെ വിമർശിക്കുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കരുതെന്നും അണ്ണാമലൈ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ, സുപ്രീം കോടതി തുടങ്ങിയ ജനാധിപത്യ സ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കാനുള്ള ശ്രമങ്ങളെയും അദ്ദേഹം എതിർത്തു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തിയ പ്രതിഷേധത്തിനിടെ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തതിനെ അണ്ണാമലൈ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ തമിഴ്നാട് ബിജെപി വക്താവ് നാരായണൻ തിരുപ്പതി അദ്ദേഹത്തിന്റെ നിലപാടിനെ വിമർശിച്ചു. സമാധാനപരമായ പ്രതിഷേധവും മനഃപൂർവമായ നിയമലംഘനവും തമ്മിലുള്ള വ്യത്യാസം അണ്ണാമലൈ അവഗണിച്ചെന്നായിരുന്നു വിമർശനം.

മറുപടി രേഖപ്പെടുത്തുക