യൂറോപ്പിനെ വിറപ്പിച്ച് റെക്കോർഡ് ചൂട്; 50,000 മരണം, 19 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടം

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം യൂറോപ്പിൽ രൂക്ഷമാകുന്നു. ഈ വേനൽക്കാലത്ത് റെക്കോർഡ് ഭേദിച്ച ചൂട് ഏകദേശം 50,000 പേരുടെ മരണത്തിനും 19 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടത്തിനും കാരണമായതായി രണ്ട് പഠനങ്ങൾ. മരണനിരക്കിന്റെയും സാമ്പത്തിക ആഘാതത്തിന്റെയും കാര്യത്തിൽ യൂറോപ്പിലെ ഏറ്റവും കഠിനമായ വേനൽക്കാലങ്ങളിലൊന്നായാണ് ഗവേഷകർ ഇതിനെ വിലയിരുത്തുന്നത്.

ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ശാസ്ത്രജ്ഞർ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുകെ, സ്വിറ്റ്സർലൻഡ്, നോർവേ എന്നിവയുൾപ്പെടെ 30 രാജ്യങ്ങളിലെ 854 നഗരങ്ങളിൽ നടത്തിയ പഠനത്തിലാണ് ചൂട് മൂലമുള്ള മരണങ്ങളുടെ കണക്ക് പുറത്തുവന്നത്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ഇല്ലായിരുന്നെങ്കിൽ ഈ മരണങ്ങളിൽ മൂന്നിൽ രണ്ടും ഒഴിവാക്കാനാകുമായിരുന്നുവെന്നാണ് പഠനത്തിന്റെ കണ്ടെത്തൽ. 2022-ൽ 29,000 പേരും 2003-ൽ 28,000 പേരും ചൂടുമായി ബന്ധപ്പെട്ട കാരണങ്ങളാൽ മരിച്ചതായാണ് കണക്കുകൾ.

അതേസമയം, ബ്ലൂംബെർഗ് ഇക്കണോമിക്സിന്റെ വിശകലനമനുസരിച്ച്, ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ യൂറോപ്യൻ യൂണിയന് മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 0.17 ശതമാനത്തിന് തുല്യമായ നഷ്ടമുണ്ടായി. ഏകദേശം 17 ബില്യൺ യൂറോയാണ് നഷ്ടം. കഴിഞ്ഞ ദശകത്തിലെ ഇതേ കാലയളവിലെ ശരാശരി നഷ്ടത്തിന്റെ രണ്ടര ഇരട്ടിയിലധികമാണിത്. ചൂട് ഫ്രാൻസിന്റെ ജിഡിപിയിൽ 0.2 ശതമാനത്തിന്റെയും ജർമനിയുടെ ജിഡിപിയിൽ 0.1 ശതമാനത്തിന്റെയും സ്പെയിനിന്റെ ജിഡിപിയിൽ 0.05 ശതമാനത്തിന്റെയും കുറവുണ്ടാക്കിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

മെയ് മാസത്തിൽ ആരംഭിച്ച ഉഷ്ണതരംഗങ്ങൾ സെപ്റ്റംബർ വരെ നീണ്ടുനിന്നു. പടിഞ്ഞാറൻ യൂറോപ്പിൽ 1991–2020 കാലയളവിലെ ശരാശരിയേക്കാൾ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്തി. ചില ദിവസങ്ങളിൽ താപനില സാധാരണ നിലയേക്കാൾ 12 ഡിഗ്രി വരെ ഉയർന്നു.

തെക്കൻ, പടിഞ്ഞാറൻ യൂറോപ്പിലാണ് ഉഷ്ണതരംഗത്തിന്റെ ആഘാതം കൂടുതൽ അനുഭവപ്പെട്ടത്. കാട്ടുതീ, അടിസ്ഥാന സൗകര്യങ്ങളുടെ നാശം, ഗതാഗത തടസ്സങ്ങൾ, ആശുപത്രികളിലെ തിരക്ക്, തണുപ്പിക്കൽ സംവിധാനങ്ങളുടെ തകരാറുകൾ എന്നിവയും പ്രതിസന്ധി രൂക്ഷമാക്കി.

ചൂട് മൂലമുള്ള മരണങ്ങളുടെ യഥാർഥ കണക്ക് പുറത്തുവരുന്നതിനേക്കാൾ കൂടുതലായിരിക്കാമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഉയർന്ന താപനില പലപ്പോഴും നിലവിലുള്ള ആരോഗ്യപ്രശ്നങ്ങൾ വഷളാക്കുകയാണ് ചെയ്യുന്നത്. അതിനാൽ മരണത്തിന് ചൂടാണ് കാരണമായതെന്ന് തിരിച്ചറിയുന്നത് ബുദ്ധിമുട്ടാകാമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

മറുപടി രേഖപ്പെടുത്തുക