പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലഭിച്ച പരാതിയും ബന്ധപ്പെട്ട ഫയലുകളും പരിശോധിച്ചപ്പോൾ വിജിലൻസ് അന്വേഷണം ആവശ്യമായ കേസാണെന്ന് ബോധ്യപ്പെട്ടതായും അതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അഴിമതി നിരോധന നിയമത്തിലെ 17(എ) വകുപ്പ് പ്രകാരം അന്വേഷണാനുമതി നൽകേണ്ടതായിരുന്നുവെന്നും എന്നാൽ അത് നൽകാതിരുന്നതിന്റെ കാരണം അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു. അന്ന് അന്വേഷണാനുമതി തേടിയുള്ള ഫയൽ പരിശോധനയ്ക്കായി മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ബന്ധപ്പെട്ട വകുപ്പിലേക്ക് അയച്ചിരുന്നു. വീണ്ടും പരാതി ലഭിച്ചതോടെയാണ് ഫയൽ തന്റെ മുന്നിലെത്തിയതെന്നും വസ്തുതകൾ അന്വേഷണത്തിലൂടെ പുറത്തുവരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി.പി. ദിവ്യ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകളിലാണ് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. ടെൻഡർ നടപടികളില്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമാണക്കരാർ നൽകിയെന്ന കെഎസ്യു വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമാസിന്റെ പരാതിയിലാണ് നടപടി. കമ്പനി ദിവ്യയുടെ ബിനാമിയാണെന്നും പരാതിയിൽ ആരോപിക്കുന്നു. പി.പി. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുക്കൾ സംബന്ധിച്ചും അന്വേഷണം നടത്തുമെന്നാണ് റിപ്പോർട്ട്.
