സമ്മിശ്ര ഭക്ഷണസംസ്കാരമുള്ള കേരളത്തിൽ എന്തു കഴിക്കണമെന്ന് പുറത്തുനിന്ന് ആരെങ്കിലും നിർദേശിക്കുന്നത് അംഗീകരിക്കാനാകില്ല: കെ.സി വേണുഗോപാൽ

ലോക്ഭവനിൽ സസ്യാഹാരം മാത്രം പാകം ചെയ്താൽ മതിയെന്ന കേരള ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ നിർദേശത്തിനെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ചുമതലയേൽക്കുന്നതിന് മുൻപുതന്നെ ഗവർണർ ഇത്തരമൊരു നിർദേശം നൽകിയത് കടന്നകൈയായിപ്പോയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പ്രതികരിച്ചു. സമ്മിശ്ര ഭക്ഷണസംസ്കാരമുള്ള കേരളത്തിൽ എന്തു കഴിക്കണമെന്ന് പുറത്തുനിന്ന് ആരെങ്കിലും നിർദേശിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യസമ്പത്തിൽ സമൃദ്ധമായ കേരളത്തിൽ സസ്യാഹാരവും മാംസാഹാരവും ഉൾപ്പെടുന്ന ഭക്ഷണരീതിയാണ് നിലനിൽക്കുന്നതെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടി. മലയാളികൾ കാലങ്ങളായി പിന്തുടരുന്ന ഭക്ഷണശീലങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും ഭക്ഷണസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗവർണർക്ക് സ്വന്തം ഭക്ഷണരീതി പിന്തുടരുന്നതിൽ തടസ്സമില്ലെന്നും എന്നാൽ ലോക്ഭവനിലെ ജീവനക്കാരുടെ ഭക്ഷണക്രമം തന്റെ വ്യക്തിപരമായ താൽപര്യങ്ങൾക്കനുസരിച്ച് നിയന്ത്രിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വേണുഗോപാൽ പറഞ്ഞു. കേരളത്തിൽ സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നിർദേശമെന്നും അദ്ദേഹം ആരോപിച്ചു. ഭക്ഷണസ്വാതന്ത്ര്യത്തിൽ ഇടപെടുന്ന തീരുമാനത്തിൽനിന്ന് ഗവർണർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക