ലോക്ഭവനിൽ മാംസാഹാരം പാചകം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയെന്ന വാർത്തകൾ നിഷേധിച്ച് ലോക്ഭവൻ. ഗവർണറുടെ അടുക്കളയിൽ മാത്രമാണ് മാംസാഹാരം പാചകം ചെയ്യരുതെന്ന് നിർദേശം നൽകിയതെന്നും ലോക്ഭവനിലെ ജീവനക്കാർക്ക് ഇത് ബാധകമല്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ജീവനക്കാർക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാമെന്നും ലോക്ഭവൻ അറിയിച്ചു.
പുതിയ ഗവർണർ ഓം പ്രകാശ് മാഥൂർ ലോക്ഭവനിൽ മത്സ്യവും മാംസവും ഒഴിവാക്കാൻ നിർദേശം നൽകിയെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ സംസ്ഥാനത്ത് വ്യാപക വിമർശനം ഉയർന്നിരുന്നു. നിർദേശം സംഘപരിവാറിന്റെ കാവി അജണ്ട കേരളത്തിൽ നടപ്പാക്കുന്നതിന്റെ ആദ്യഘട്ടമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ആരോപിച്ചു.
കേരളത്തിന്റെ സാമൂഹിക സാഹചര്യവും ഭക്ഷണസംസ്കാരവും മനസിലാക്കുന്നതിന് മുൻപുതന്നെ എല്ലാവരും വെജിറ്റേറിയൻ ഭക്ഷണം കഴിക്കണമെന്ന നിലപാട് സ്വീകരിച്ചത് കടന്ന കൈയായിപ്പോയെന്ന് വേണുഗോപാൽ വിമർശിച്ചു. ഇഷ്ടമുള്ള ഭക്ഷണം പാചകം ചെയ്യാനും കഴിക്കാനുമുള്ള അവകാശത്തിന് ഭരണഘടനാപരമായ സംരക്ഷണം ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ഗവർണർ ഓർക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഭക്ഷണസ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള നീക്കമാണിതെന്നും വേണുഗോപാൽ ആരോപിച്ചു. അതേസമയം, ജാതിക്കോയ്മയെ വീണ്ടും സിംഹാസനത്തിൽ ഇരുത്താനുള്ള നീക്കമാണിതെന്നായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതികരണം.
