ഈ ബോണ്ടിൽ ഒപ്പിട്ടുകൊണ്ട് ഞാൻ ആരുടെ സമാധാനമാണ് സംരക്ഷിക്കേണ്ടത്; സമാധാനം സർക്കാരിന് മാത്രമല്ല, ജനങ്ങൾക്കും വേണ്ടിയായിരിക്കണം: നേഹ ബോറ

ഡൽഹി പൊലീസ് പുറപ്പെടുവിച്ച ‘സമാധാന ബോണ്ടിൽ’ ഒപ്പിടാൻ വിസമ്മതിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (എഐഎസ്എ) ദേശീയ പ്രസിഡന്റ് നേഹ ബോറ. പ്രതിഷേധിക്കാനുള്ള മൗലികാവകാശം അടിച്ചമർത്താനാണ് സർക്കാർ ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്ന് അവർ ആരോപിച്ചു. “ഈ ബോണ്ടിൽ ഒപ്പിട്ടുകൊണ്ട് ഞാൻ ആരുടെ സമാധാനമാണ് സംരക്ഷിക്കേണ്ടത്?” എന്ന ചോദ്യവും അവർ ഉയർത്തി. ശനിയാഴ്ച ഡൽഹിയിലെ സിപിഐ (എംഎൽ) ലിബറേഷൻ പാർലമെന്ററി ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിലാണ് നേഹയുടെ പ്രതികരണം.

വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യുന്നതിനെതിരെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ചോദ്യം ചെയ്തും ഒക്ടോബർ 16ന് മണ്ടി ഹൗസിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനിടെയാണ് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് നേഹ ബോറ പറഞ്ഞു. തുടർന്ന് ഒക്ടോബർ 17ന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (ബിഎൻഎസ്എസ്) 126-ാം വകുപ്പ് പ്രകാരം പൊലീസ് നോട്ടീസ് നൽകിയതായും അവർ വ്യക്തമാക്കി. അന്വേഷണ കാലയളവിൽ സമാധാനം ലംഘിക്കില്ലെന്ന് ഉറപ്പുനൽകുന്നതിനായി 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരാളുടെ ജാമ്യവും നൽകണമെന്നായിരുന്നു നോട്ടീസിലെ നിർദേശമെന്ന് നേഹ പറഞ്ഞു.

ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ഉപകരണമായി സമാധാന ബോണ്ടുകൾ ഉപയോഗിക്കുകയാണെന്ന് അവർ ആരോപിച്ചു. ഇത്തരം ബോണ്ടുകളിൽ ഒപ്പിടുന്നത് ഭരണഘടന ഉറപ്പുനൽകുന്ന പ്രതിഷേധാവകാശം ഉപേക്ഷിക്കുന്നതിന് തുല്യമാണെന്നും അതിനാലാണ് ഒപ്പിടാൻ വിസമ്മതിച്ചതെന്നും നേഹ വ്യക്തമാക്കി.

പ്രതിഷേധത്തിനിടെ താൻ സമാധാനം ലംഘിച്ചിട്ടില്ലെന്നും പകരം പൊലീസ് ലാത്തിച്ചാർജ് നടത്തുകയും സ്ത്രീകളുടെ വസ്ത്രങ്ങൾ കീറുകയും മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും ചെയ്തുവെന്നും അവർ ആരോപിച്ചു. “സമാധാനം സർക്കാരിന് മാത്രമല്ല, ജനങ്ങൾക്കും വേണ്ടിയായിരിക്കണം,” നേഹ പറഞ്ഞു.

പൊലീസ് നോട്ടീസിനെതിരെ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയെങ്കിലും കേസിന്റെ മെറിറ്റിൽ കോടതി പരിശോധന നടത്തിയിട്ടില്ലെന്നാണ് നേഹയുടെ വിശദീകരണം. അന്വേഷണത്തിൽ പങ്കെടുക്കാൻ മാത്രമാണ് കോടതി നിർദേശിച്ചതെന്നും കാരണം കാണിക്കൽ നോട്ടീസിന്റെ പേരിൽ ആരെയും ബോണ്ടിൽ ഒപ്പിടാൻ നിർബന്ധിക്കരുതെന്നും അവർ വാദിച്ചു. സമാധാന ബോണ്ടുകൾക്കെതിരായ പ്രതിഷേധം തുടരുമെന്നും ഇത്തരം നടപടികൾ സാധാരണ നടപടിക്രമമായി അംഗീകരിക്കില്ലെന്നും നേഹ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക