നെൽസൺ സംവിധാനം ചെയ്ത് രജനികാന്ത് നായകനായെത്തിയ ‘ജയിലർ 2’ ആഗോളതലത്തിൽ മികച്ച വിജയം നേടുന്നതിനിടെ ചിത്രത്തിലെ മലയാളി താരം സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനത്തെ പ്രശംസിച്ച് നടി മിർണ മേനോൻ. സുരാജിന്റെ അഭിനയത്തിലെ വൈവിധ്യം തന്നെ അത്ഭുതപ്പെടുത്തിയെന്ന് മിർണ പറഞ്ഞു. ചിത്രത്തിൽ രജനികാന്തിന്റെ മരുമകളായാണ് മിർണ അഭിനയിച്ചത്. വില്ലൻ കഥാപാത്രമായ ദിലീപനായി സുരാജ് വെഞ്ഞാറമൂടും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവച്ചത്.
ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സുരാജിനെക്കുറിച്ചുള്ള മിർണയുടെ വാക്കുകൾ ശ്രദ്ധ നേടിയത്. സുരാജിന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ‘ചട്ടമ്പിനാട്’ എന്ന ചിത്രത്തിലെ ദശമൂലം ദാമുവാണെന്ന് മിർണ പറഞ്ഞു. പിന്നീട് ‘ആക്ഷൻ ഹീറോ ബിജു’വിലെ അദ്ദേഹത്തിന്റെ പ്രകടനം കണ്ടപ്പോൾ ഇതേ നടൻ തന്നെയാണോ എന്നുപോലും തോന്നിയെന്നും അവർ വ്യക്തമാക്കി.
‘ജയിലർ 2’വിലെ ദിലീപൻ എന്ന കഥാപാത്രം കണ്ടതോടെയാണ് സുരാജിന്റെ അഭിനയത്തിലെ പൂർണമായ വൈവിധ്യം മനസ്സിലായതെന്നും മിർണ കൂട്ടിച്ചേർത്തു. “എങ്ങനെയാണ് ഇങ്ങനെ അഭിനയിക്കാൻ കഴിയുന്നതെന്ന് ആലോചിച്ചുപോയി. ശരിക്കും അദ്ദേഹം ഒരു അത്ഭുതമാണ്,” എന്നായിരുന്നു സുരാജിനെക്കുറിച്ചുള്ള മിർണയുടെ പ്രതികരണം.
മോഹൻലാൽ ഉൾപ്പെടെ നിരവധി മലയാളി താരങ്ങൾ വേഷമിട്ട ‘ജയിലർ 2’ തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടിയത്. ആഗോള ബോക്സ് ഓഫീസിൽ ചിത്രം ഇതിനകം 630 കോടി രൂപയോളം നേടിയതായാണ് റിപ്പോർട്ടുകൾ. ആദ്യ ഭാഗത്തിന്റെ വിജയത്തിന് പിന്നാലെ വലിയ പ്രതീക്ഷകളോടെ എത്തിയ ചിത്രത്തിന് പ്രീ-സെയിൽസിലും മികച്ച നേട്ടമുണ്ടായിരുന്നു.
