കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖർഗെയുടെ പ്രസംഗത്തിലെ പരാമർശം വിവാദത്തിൽ. ബിഹാറിലെ പട്നയിൽ ഡോ. ശ്രീകൃഷ്ണ സിങ്ങിന്റെ 139-ാം ജന്മവാർഷികാഘോഷത്തിൽ സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് നടത്തിയ പരാമർശമാണ് രാഷ്ട്രീയ വിവാദത്തിന് വഴിവച്ചത്. ഖർഗെയുടെ പരാമർശത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ രംഗത്തെത്തി.
വോട്ട് കൊള്ള നടത്തിയ മോദിക്കെതിരെ കേസെടുത്ത് ജയിലിലടയ്ക്കണമെന്നായിരുന്നു ഖർഗെയുടെ പ്രസംഗത്തിലെ പരാമർശം. ഇതിനിടെ സദസ്സിൽനിന്ന് ഒരാൾ എഴുന്നേറ്റ് ‘പ്രധാനമന്ത്രി നരേന്ദ്ര മോദി എവിടെയും പോകില്ല’ എന്ന് പ്രതികരിച്ചു. ഇതിന് മറുപടിയായി ‘മോദിയുടെ അച്ഛനും പോകും’ എന്ന് ഖർഗെ പറഞ്ഞതായാണ് റിപ്പോർട്ട്. പിന്നാലെ പ്രധാനമന്ത്രിക്കെതിരെ അദ്ദേഹം വിമർശനം ശക്തമാക്കി.
മോദിക്ക് കള്ളം പറയുന്ന സ്വഭാവമാണെന്നും അധികാരത്തിലെത്തിയ ആദ്യ 100 ദിവസത്തിനുള്ളിൽ കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും ഖർഗെ ആരോപിച്ചു. ആ പണം എവിടെയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർഎസ്എസിനെതിരെയും വിമർശനം ഉന്നയിച്ച ഖർഗെ, സംഘടനയുടെ പ്രവർത്തനങ്ങൾ രാജ്യത്ത് വർഗീയത വളർത്തുന്നതാണെന്ന് ആരോപിച്ചു.
ജാതിവിവേചനത്തിനെതിരെയും ഖർഗെ പ്രസംഗത്തിൽ സംസാരിച്ചു. മതത്തിനെതിരെയല്ല, മതത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരെയാണ് പോരാട്ടമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസം ജനങ്ങളെ ഒന്നിപ്പിക്കാനുള്ളതായിരിക്കണമെന്നും വേർതിരിക്കാനുള്ളതാകരുതെന്നും ഖർഗെ വ്യക്തമാക്കി.
വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണ നടപടിയായ എസ്ഐആർ റദ്ദാക്കണമെന്നും ബാലറ്റ് പേപ്പർ സംവിധാനം തിരിച്ചുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്ന ആവശ്യവും ഖർഗെ ഉന്നയിച്ചു. എസ്ഐആറിനെതിരായ പോരാട്ടത്തെ രണ്ടാം സ്വാതന്ത്ര്യസമരമെന്നും അദ്ദേഹം വിശേഷിപ്പിച്ചു. അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്നും അതിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നുമുള്ള പരാമർശവും പ്രസംഗത്തിലുണ്ടായി.
ഖർഗെയുടെ പ്രസംഗത്തിനെതിരെ ബിജെപി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പിതാവിനെക്കുറിച്ചുള്ള പരാമർശത്തിലൂടെ കോൺഗ്രസ് രാഷ്ട്രീയ മാന്യതയുടെ പരിധി ലംഘിച്ചെന്ന് അമിത് ഷാ ആരോപിച്ചു. മോദിയെയും കുടുംബത്തെയും കോൺഗ്രസ് പലതവണ അപമാനിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ ‘മരണത്തിന്റെ വ്യാപാരി’യെന്ന് വിളിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സഭ്യതയുടെ എല്ലാ അതിരുകളും ലംഘിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. ഖർഗെയുടെ പ്രസംഗത്തിലെ പരാമർശം ബിജെപിയും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ വാക്പോരിന് വീണ്ടും വഴിവെച്ചിരിക്കുകയാണ്.
