ലൈക്ക് ബട്ടൺ അമർത്തിപ്പിടിച്ചാൽ പണം അയക്കാം; എക്സിൽ പുതിയ പേയ്‌മെന്റ് ഫീച്ചറുമായി ഇലോൺ മസ്‌ക്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ ലൈക്ക് ബട്ടൺ അമർത്തിപ്പിടിച്ചുകൊണ്ട് മറ്റൊരു ഉപയോക്താവിന് ഒരു ഡോളർ അയയ്ക്കാനുള്ള പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ഇലോൺ മസ്‌ക്. എക്സിന്റെ പേയ്‌മെന്റ് സംവിധാനമായ എക്സ് മണിയിലൂടെ പണം കൈമാറാൻ സഹായിക്കുന്ന ഫീച്ചറിന്റെ വിവരം മസ്‌ക് ഞായറാഴ്ച പ്ലാറ്റ്‌ഫോമിലൂടെ പങ്കുവച്ചു. ഉള്ളടക്ക സ്രഷ്ടാക്കൾക്ക് ടിപ്പ് നൽകാനും ഇഷ്ടപ്പെട്ട പോസ്റ്റുകളെ സാമ്പത്തികമായി പിന്തുണയ്ക്കാനും ഇതിലൂടെ സാധിക്കും.

ലൈക്ക് ബട്ടൺ ദീർഘനേരം അമർത്തിപ്പിടിച്ചാൽ പോസ്റ്റ് പ്രസിദ്ധീകരിച്ച വ്യക്തിക്ക് ഒരു ഡോളർ അയയ്ക്കാൻ കഴിയുന്ന രീതിയിലാണ് ഫീച്ചർ വിഭാവനം ചെയ്തിരിക്കുന്നത്. സോഷ്യൽ നെറ്റ്‌വർക്കിങ്, സന്ദേശ കൈമാറ്റം, പണമിടപാടുകൾ തുടങ്ങിയ സേവനങ്ങളെല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന ‘എവരിതിങ് ആപ്പ്’ എന്ന മസ്‌കിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ നീക്കം. എന്നാൽ ഫീച്ചർ എപ്പോൾ ലഭ്യമാകുമെന്നോ ആർക്കെല്ലാം ഉപയോഗിക്കാനാകുമെന്നോ സംബന്ധിച്ച വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

അമേരിക്കയിൽ എക്സ് മണി അടുത്തിടെ പ്രവർത്തനം ആരംഭിച്ചിരുന്നു. ഉപയോക്താക്കൾ തമ്മിൽ നേരിട്ട് പണം കൈമാറാനുള്ള സൗകര്യത്തിനൊപ്പം ഭൗതികവും ഡിജിറ്റലുമായ ഇടപാടുകൾക്ക് ഉപയോഗിക്കാവുന്ന എക്സ് വിസ ഡെബിറ്റ് കാർഡും സേവനത്തിന്റെ ഭാഗമാണ്. ആപ്പിൾ പേയുമായി കാർഡ് ബന്ധിപ്പിച്ച് പിന്തുണയുള്ള ഇടങ്ങളിൽ കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകളും നടത്താം.

അന്താരാഷ്ട്ര പണമിടപാടുകൾ ലളിതമാക്കുന്നതിനുള്ള സൗകര്യങ്ങളും എക്സ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാൽ സേവനങ്ങളുടെ ലഭ്യത ഉപയോക്താവിന്റെ യോഗ്യതയും ബാധകമായ നിബന്ധനകളും അനുസരിച്ചായിരിക്കും. നിലവിൽ എക്സ് മണിയുടെ ശ്രദ്ധ അമേരിക്കൻ വിപണിയിലാണ്. ഇന്ത്യയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ സേവനം എപ്പോൾ ലഭ്യമാകുമെന്നോ ലൈക്ക് ബട്ടണിലൂടെയുള്ള പണമയയ്ക്കൽ സൗകര്യം എപ്പോൾ അവതരിപ്പിക്കുമെന്നോ കമ്പനി അറിയിച്ചിട്ടില്ല.

മറുപടി രേഖപ്പെടുത്തുക