ഐഫോൺ മാതൃകയിൽ വാട്ട്‌സ്ആപ്പ്; ആൻഡ്രോയിഡ് ആപ്പിൽ വൻ ഡിസൈൻ മാറ്റം

ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി വാട്ട്‌സ്ആപ്പിന്റെ രൂപകൽപ്പനയിൽ പുതിയ മാറ്റത്തിന് ഒരുങ്ങി മെറ്റ. ഐഫോൺ പതിപ്പിന് സമാനമായ രീതിയിൽ താഴെയുള്ള നാവിഗേഷൻ ബാർ കൂടുതൽ ആധുനികമാക്കുന്നതിനുള്ള പരീക്ഷണമാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്.

വാട്ട്‌സ്ആപ്പ് ആൻഡ്രോയിഡ് ബീറ്റ പതിപ്പ് 2.26.38.10-ലാണ് പുതിയ ഡിസൈൻ കണ്ടെത്തിയത്. ചാറ്റുകൾ, കമ്മ്യൂണിറ്റികൾ, അപ്‌ഡേറ്റുകൾ, കോളുകൾ തുടങ്ങിയ ടാബുകൾ ഉൾപ്പെടുന്ന നാവിഗേഷൻ ബാർ, ആപ്പിന്റെ മറ്റ് ഭാഗങ്ങളിൽ നിന്ന് വേറിട്ടുനിൽക്കുന്ന തരത്തിൽ വൃത്താകൃതിയിലുള്ള അരികുകളോടെയാണ് പുതിയ രൂപത്തിൽ ക്രമീകരിച്ചിരിക്കുന്നത്.

ആപ്പിളിന്റെ ഐഒഎസ് ഡിസൈനിലെ ‘ലിക്വിഡ് ഗ്ലാസ്’ ശൈലിയോട് സാമ്യമുള്ളതാണ് പുതിയ ഇന്റർഫേസ്. ലൈറ്റ് തീമിലാണ് മാറ്റം കൂടുതൽ വ്യക്തമായി കാണുന്നത്. എന്നാൽ ആപ്പിളിന്റെ ഡിസൈൻ അതേപടി പിന്തുടരുന്നതിനുപകരം ഗൂഗിളിന്റെ ആൻഡ്രോയിഡ് ഡിസൈൻ തത്വങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് വാട്ട്‌സ്ആപ്പ് പുതിയ രൂപകൽപ്പന ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഏകദേശം മൂന്ന് വർഷം മുമ്പാണ് ആൻഡ്രോയിഡ് പതിപ്പിലെ നാവിഗേഷൻ ടാബുകൾ മുകളിൽ നിന്ന് താഴേക്ക് വാട്ട്‌സ്ആപ്പ് മാറ്റിയത്. ഇപ്പോൾ ഇതിന് കൂടുതൽ പരിഷ്‌കരണങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കമ്പനി. ആപ്പിന്റെ നിലവിലെ രൂപകൽപ്പന കാലഹരണപ്പെട്ടതാണെന്നും കൂടുതൽ ആധുനികമായ ഇന്റർഫേസ് വേണമെന്നുമുള്ള ഉപയോക്താക്കളുടെ പ്രതികരണങ്ങൾക്കിടെയാണ് പുതിയ പരീക്ഷണം.

നിലവിൽ പുതിയ നാവിഗേഷൻ ബാർ ആന്തരിക പരീക്ഷണ ഘട്ടത്തിലാണ്. ബീറ്റാ ടെസ്റ്റർമാർക്ക് പോലും ഇത് ലഭ്യമായിട്ടില്ല. ഫീച്ചർ സ്ഥിരമായി അവതരിപ്പിക്കുമോ, എല്ലാ ഉപയോക്താക്കൾക്കും എപ്പോൾ ലഭ്യമാകും തുടങ്ങിയ കാര്യങ്ങളിൽ വാട്ട്‌സ്ആപ്പ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

അതേസമയം, വാട്ട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകൾ എളുപ്പത്തിൽ സജ്ജീകരിക്കാൻ സഹായിക്കുന്ന പുതിയ ‘വാട്ട്‌സ്ആപ്പ് ബിസിനസ് ടൂൾസ് എംസിപി’യും മെറ്റ അവതരിപ്പിച്ചിട്ടുണ്ട്. ചാറ്റ്ജിപിടി, ക്ലോഡ് തുടങ്ങിയ എഐ കോഡിങ് ടൂളുകൾ ഉപയോഗിച്ച് ബിസിനസുകൾക്ക് വാട്ട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകൾ സജ്ജീകരിക്കുന്നതിനുള്ള നടപടികൾ ലളിതമാക്കുകയാണ് പുതിയ ടൂളിന്റെ ലക്ഷ്യം.

മറുപടി രേഖപ്പെടുത്തുക