2022 മുതൽ 2026 വരെയുള്ള കാലയളവിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം രാജ്യത്ത് 111 സിറ്റിങ് എംപിമാരും എംഎൽഎമാരും പാർട്ടി മാറിയതായി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എഡിആർ) നാഷണൽ ഇലക്ഷൻ വാച്ചും നടത്തിയ പഠനം. 26 ലോക്സഭാ എംപിമാരും ഏഴ് രാജ്യസഭാ എംപിമാരും 78 എംഎൽഎമാരുമാണ് പട്ടികയിലുള്ളത്.
എഡിആറിന്റെ കണക്കുകൾ പ്രകാരം പാർട്ടി മാറിയ 111 ജനപ്രതിനിധികളിൽ 29 പേർ, അതായത് 26 ശതമാനം, ബിജെപിയിലാണ് ചേർന്നത്. ഇതിൽ ഏഴ് രാജ്യസഭാ എംപിമാരും 22 എംഎൽഎമാരുമാണുള്ളത്. പഠനത്തിൽ ഉൾപ്പെട്ട കാലയളവിൽ ഒരു ലോക്സഭാ എംപിയും ബിജെപിയിൽ ചേർന്നിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പാർട്ടി മാറിയവരെ സ്വീകരിച്ച കണക്കിൽ നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) ആണ് മുന്നിൽ. 32 ജനപ്രതിനിധികളാണ് എൻപിഎഫിലെത്തിയത്. എന്നാൽ നാഗാലാൻഡിൽ എൻഡിപിപി എൻപിഎഫിൽ ലയിച്ചതിനെ തുടർന്നുണ്ടായ രാഷ്ട്രീയ മാറ്റമാണ് ഇതിൽ പ്രധാനമായും പ്രതിഫലിക്കുന്നത്. വ്യക്തിഗത കൂറുമാറ്റങ്ങളായി മാത്രം ഈ കണക്കിനെ കാണാനാകില്ലെന്ന് എഡിആർ വ്യക്തമാക്കുന്നു.
എൻസിപിഐയിൽ 20 പേരും കോൺഗ്രസിൽ ഒമ്പത് പേരും ശിവസേനയിൽ എട്ട് പേരും ചേർന്നതായും റിപ്പോർട്ടിലുണ്ട്. മറുവശത്ത്, ഏറ്റവും കൂടുതൽ ജനപ്രതിനിധികളെ നഷ്ടപ്പെട്ടത് എൻഡിപിപിക്കാണ്—25 പേർ. തൃണമൂൽ കോൺഗ്രസിൽ നിന്ന് 20 പേരും കോൺഗ്രസിൽ നിന്ന് 19 പേരും മറ്റ് പാർട്ടികളിലേക്ക് പോയി.
17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പഠനത്തിൽ പാർട്ടി മാറ്റങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്. നാഗാലാൻഡിലാണ് ഏറ്റവും കൂടുതൽ കേസുകൾ—32. പശ്ചിമ ബംഗാളിൽ 20, തെലങ്കാനയിൽ ഒമ്പത്, ഗോവയിലും പഞ്ചാബിലും എട്ട് വീതം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കൂറുമാറ്റവുമായി ബന്ധപ്പെട്ട നിയമനടപടികൾ കൂടുതൽ ശക്തമാക്കണമെന്നും അയോഗ്യത സംബന്ധിച്ച തീരുമാനങ്ങൾ സമയബന്ധിതമായി കൈക്കൊള്ളണമെന്നും എഡിആർ ശുപാർശ ചെയ്തു. സ്പീക്കർമാർക്ക് പകരം, എംപിമാരുടെ കാര്യത്തിൽ രാഷ്ട്രപതിയും എംഎൽഎമാരുടെ കാര്യത്തിൽ ഗവർണർമാരും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം അയോഗ്യതാ വിഷയങ്ങളിൽ തീരുമാനമെടുക്കണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്. കൂറുമാറുന്ന ജനപ്രതിനിധികൾക്ക് ഔദ്യോഗിക പദവികൾ വഹിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നും എഡിആർ ആവശ്യപ്പെട്ടു.
