സോഷ്യൽ മീഡിയയിലൂടെ തങ്ങൾക്കെതിരെ മനഃപൂർവം വ്യാജപ്രചാരണം നടക്കുന്നുവെന്ന് ആരോപിച്ച് നടൻ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും ഹൈദരാബാദ് സൈബർ ക്രൈം പൊലീസിൽ പരാതി നൽകി. തിങ്കളാഴ്ച താരങ്ങളുടെ പ്രതിനിധികളാണ് സൈബർ ക്രൈം ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസിനെ കണ്ട് പരാതി സമർപ്പിച്ചത്.
‘കോഫി വിത്ത് കരൺ’ എന്ന ടോക്ക് ഷോയിൽ ഇരുവരും നടത്തിയ പരാമർശങ്ങൾ വളച്ചൊടിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുവെന്നാണ് പരാതിയിലെ ആരോപണം. ഇത്തരം പോസ്റ്റുകൾ തങ്ങൾക്ക് മാനസിക ബുദ്ധിമുട്ടും വ്യക്തിപരമായ പ്രതിച്ഛായയ്ക്ക് കോട്ടവും ഉണ്ടാക്കുന്നതായി താരങ്ങളുടെ ടീം ചൂണ്ടിക്കാട്ടി.
ആവിഷ്കാര സ്വാതന്ത്ര്യത്തെയും വിമർശനങ്ങളെയും മാനിക്കുന്നുണ്ടെങ്കിലും മനഃപൂർവം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് താരങ്ങളുടെ പ്രതിനിധികൾ വ്യക്തമാക്കി. വിവാദവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങളും സ്ക്രീൻഷോട്ടുകളും മറ്റ് തെളിവുകളും പൊലീസിന് കൈമാറിയിട്ടുണ്ട്. പരാതിയിൽ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ.
അതിനിടെ, രശ്മികയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ട്രോളുകൾക്കും വിജയ് ദേവരകൊണ്ട സോഷ്യൽ മീഡിയയിലൂടെ മറുപടി നൽകിയിരുന്നു. രശ്മികയെ തന്റെ ആത്മമിത്രം, ഭാര്യ, സുഹൃത്ത് എന്നിങ്ങനെ വിശേഷിപ്പിച്ച താരം, വസ്തുതകൾ അറിയാതെ വ്യക്തിജീവിതത്തെക്കുറിച്ച് പ്രചാരണം നടത്തുന്നതിനെ വിമർശിക്കുകയും ചെയ്തിരുന്നു.
