വീണയ്ക്കെതിരായ കേസിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മിനുമെതിരെ ആസൂത്രിത നീക്കമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്നതെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിയുടെ നിലപാട് ശരിവയ്ക്കുന്ന രീതിയിലാണ് കോടതി കാര്യങ്ങൾ വിലയിരുത്തിയതെന്നും കേസുമായി ബന്ധപ്പെട്ട് ഉയർത്തിക്കൊണ്ടുവന്ന ആരോപണങ്ങൾ പൂർണമായി വിശ്വസിക്കാൻ കോടതി തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തുടക്കത്തിൽ വീണയ്ക്കെതിരായ കേസായി അവതരിപ്പിച്ച വിഷയം പിന്നീട് പിണറായി വിജയനെയും മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും പ്രതിസ്ഥാനത്തേക്ക് എത്തിക്കുന്ന രീതിയിലേക്ക് മാറിയത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഗോവിന്ദൻ ആരോപിച്ചു. വിഷയത്തിൽ ജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായും നിയമപരമായും പോരാടണമെന്ന പാർട്ടിയുടെ തീരുമാനം ശരിയായിരുന്നുവെന്ന് നിലവിലെ കോടതി നടപടികൾ വ്യക്തമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിൽ സിംഗിൾ ബെഞ്ചിന്റെ വിധി റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, വിശദമായ വാദം കേൾക്കുന്നതുവരെ തുടർനടപടികൾ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. ഒരു മാസത്തിനുശേഷമായിരിക്കും കേസിൽ വിശദമായ വാദം കേൾക്കുക. സുപ്രീം കോടതിയെപ്പോലെ ഹൈക്കോടതിയും നിയമവാഴ്ച ഉയർത്തിപ്പിടിക്കുകയാണുണ്ടായതെന്നും അദ്ദേഹം പ്രതികരിച്ചു.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിലപാടിനെ സിപിഐഎം പൂർണമായി സ്വാഗതം ചെയ്യുന്നതായും ഗോവിന്ദൻ വ്യക്തമാക്കി.
