യെമനിലെ വിമതരുമായി വെടിനിർത്തൽ ഉറപ്പാക്കാൻ ഇറാന്റെ മധ്യസ്ഥതയിൽ സൗദി അറേബ്യ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ധാരണയുടെ ഭാഗമായി വിമതർക്ക് ഒരു ബില്യൺ അമേരിക്കൻ ഡോളർ നൽകാൻ സൗദി വാഗ്ദാനം ചെയ്തെന്നാണ് ഇസ്രയേൽ മാധ്യമമായ ‘ഇസ്രയേൽ ഹയോം’ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സൗദി പ്രതിരോധ മന്ത്രി രാജകുമാരൻ ഖാലിദ് ബിൻ സൽമാന്റെ ഇറാൻ സന്ദർശനമാണ് നയതന്ത്ര നീക്കങ്ങൾക്ക് ശ്രദ്ധ നേടിക്കൊടുത്തത്. സന്ദർശനത്തിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെഷെസ്കിയാൻ ഉൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറും തുർക്കി ഇന്റലിജൻസ് മേധാവി ഇബ്രാഹിം കാലിനും ചർച്ചകളിൽ പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്.
മേഖലയിലെ സംഘർഷം കുറയ്ക്കാനും വെടിനിർത്തലിന് വഴിയൊരുക്കാനുമാണ് ചർച്ചകളുടെ ലക്ഷ്യമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, വിമതർക്ക് പണം നൽകാമെന്ന വാഗ്ദാനമോ പണം കൈമാറിയെന്ന റിപ്പോർട്ടുകളോ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. യെമൻ പ്രശ്നത്തിൽ അന്തിമ ധാരണയിലെത്തിയതായും പ്രഖ്യാപിച്ചിട്ടില്ല.
