ചീഫ് ജസ്റ്റിസിനെതിരായ എക്‌സ് പോസ്റ്റ്: നിരുപാധികം മാപ്പുപറഞ്ഞ് കെപിസിസി

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ വിവാദ എക്‌സ് പോസ്റ്റിൽ നിരുപാധികം മാപ്പുപറഞ്ഞ് കെപിസിസി. പാർട്ടിയുടെ അനുമതിയില്ലാതെയാണ് പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും ഉത്തരവാദിയായ വ്യക്തിയെ ചുമതലകളിൽനിന്ന് നീക്കിയെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സുപ്രീംകോടതി അഭിഭാഷകന്റെ വക്കീൽ നോട്ടീസിന് നൽകിയ മറുപടിയിൽ വ്യക്തമാക്കി.

എക്‌സിലെ പരാമർശം കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടല്ലെന്നും അനുചിതമായ ഉള്ളടക്കം ശ്രദ്ധയിൽപ്പെട്ട ഉടൻ നീക്കം ചെയ്തെന്നും കെപിസിസി അറിയിച്ചു. വിജയ് തോട്ടത്തിൽ എന്നയാളാണ് പാർട്ടിയുടെ അറിവോ അനുമതിയോ ഇല്ലാതെ പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്നാണ് വിശദീകരണം. ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് കോൺഗ്രസിന്റെ നയമല്ലെന്നും കെപിസിസി വ്യക്തമാക്കി.

‘പ്രിയ സൂര്യകാന്ത്, നിയമവും ക്രമസമാധാനവും നിങ്ങളുടെ പരിധിയിൽ വരുന്നതല്ലെങ്കിൽ ഇപ്പോൾ തന്നെ രാജിവയ്ക്കൂ. അത് കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരാളെ ഞങ്ങൾ പകരം കണ്ടെത്തിക്കൊള്ളാം’ എന്നായിരുന്നു വിവാദ എക്‌സ് പോസ്റ്റ്. പരാമർശത്തിനെതിരെ വിമർശനം ഉയർന്നതിനെത്തുടർന്ന് ഹൈക്കമാൻഡ് പോസ്റ്റ് പിൻവലിക്കാൻ നിർദേശിച്ചതായും റിപ്പോർട്ടുകളുണ്ട്.

മറുപടി രേഖപ്പെടുത്തുക