കർണാടക എംഎൽസി തിരഞ്ഞെടുപ്പ്: നാലു സീറ്റുകളിലും എൻഡിഎയ്ക്ക് വിജയം; കോൺഗ്രസിന് തിരിച്ചടി

കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി. തിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും എൻഡിഎ വിജയിച്ചു. ഇതിൽ മൂന്ന് സീറ്റുകൾ ബിജെപിയും ഒരു സീറ്റ് ജെഡിഎസും നേടി. കോൺഗ്രസിന്റെ സിറ്റിങ് സീറ്റും എൻഡിഎ പിടിച്ചെടുത്തത് ഭരണകക്ഷിക്ക് തിരിച്ചടിയായി.

ബെംഗളൂരു ടീച്ചേഴ്‌സ് മണ്ഡലത്തിലാണ് കോൺഗ്രസിന് പ്രധാന തിരിച്ചടിയുണ്ടായത്. അഞ്ച് തവണ എംഎൽസിയായിരുന്ന കോൺഗ്രസ് സ്ഥാനാർഥി പുട്ടണ്ണയെ പരാജയപ്പെടുത്തി ജെഡിഎസിന്റെ എ.പി. രംഗനാഥ് മണ്ഡലം പിടിച്ചെടുത്തു.

വെസ്റ്റ് ഗ്രാജ്വേറ്റ് മണ്ഡലത്തിൽ ബിജെപിയുടെ എസ്.വി. ശങ്കന്നൂർ, കോൺഗ്രസിന്റെ മോഹൻ ലിംബികായിയെ 4,277 വോട്ടിന് പരാജയപ്പെടുത്തി. നോർത്ത് ഈസ്റ്റ് ടീച്ചേഴ്‌സ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ശശി ജി. നമോഷി അഞ്ചാം തവണയും വിജയിച്ചു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ ജന്മസ്ഥലമായ കലബുറഗി ഉൾപ്പെടുന്ന മണ്ഡലത്തിൽ കോൺഗ്രസിന്റെ ശരണപ്പ മറ്റൂറിനെയാണ് നമോഷി തോൽപ്പിച്ചത്.

സൗത്ത് ഈസ്റ്റ് ഗ്രാജ്വേറ്റ് മണ്ഡലത്തിൽ ബിജെപിയുടെ കെ.എം. സുരേഷ്, കോൺഗ്രസിന്റെ ശശി ഹുലികുണ്ഡേ മതിയെ പരാജയപ്പെടുത്തി. ഒക്ടോബർ 23-നായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

75 അംഗ കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിൽ നിലവിൽ കോൺഗ്രസിന് 38 അംഗങ്ങളും ബിജെപിക്ക് 24 അംഗങ്ങളുമാണുള്ളത്. ജെഡിഎസിന് ആറു അംഗങ്ങളുണ്ട്. ഒരു സ്വതന്ത്രനും ചെയർമാനും കൗൺസിലിലുണ്ട്. സർക്കാർ നാമനിർദേശത്തിനായി അഞ്ച് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഈ ഒഴിവുകൾ നികത്തുന്നതോടെ കോൺഗ്രസിന്റെ അംഗബലം ഉയർന്ന നിലയിൽ തുടരുമെന്നാണ് കണക്കുകൂട്ടൽ.

മറുപടി രേഖപ്പെടുത്തുക