സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുറഞ്ഞത് 46 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച രാവിലെ ടോളിഡോ പ്രവിശ്യയിലെ ഉർദ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.
പ്രാദേശിക സമയം രാവിലെ 8.54-ഓടെ പൊതുമേഖലാ കമ്പനിയായ റെൻഫെ സർവീസ് നടത്തുന്ന എവിഇ ട്രെയിനും സ്വകാര്യ കമ്പനിയായ ഇറിയോയുടെ ട്രെയിനും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇറിയോ ട്രെയിനിന്റെ രണ്ട് ബോഗികൾ പാളം തെറ്റി സമീപത്തെ മണൽത്തിട്ടയിലേക്ക് മറിഞ്ഞുവീണു.
വിവരമറിഞ്ഞ ഉടൻ അടിയന്തര രക്ഷാപ്രവർത്തകർ, അഗ്നിരക്ഷാസേന, സിവിൽ പ്രൊട്ടക്ഷൻ വിഭാഗം എന്നിവർ സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കാൻ മൂന്ന് മെഡിക്കൽ ഹെലികോപ്റ്ററുകളും വിന്യസിച്ചു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നതിനിടെ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നും പരിശോധിച്ചു.
കാസ്റ്റില്ല-ലാ മഞ്ച പ്രാദേശിക സർക്കാരിന്റെ വക്താവ് എസ്തർ പാഡില്ലയുടെ വിവരമനുസരിച്ച് അപകടസമയത്ത് രണ്ട് ട്രെയിനുകളിലുമായി 544 യാത്രക്കാരുണ്ടായിരുന്നു. ഇറിയോ ട്രെയിനിൽ 146 പേരും റെൻഫെ ട്രെയിനിൽ 397 പേരും ഉണ്ടായിരുന്നുവെന്നാണ് സ്പാനിഷ് മാധ്യമമായ ‘എൽ പൈസ്’ റിപ്പോർട്ട് ചെയ്തത്.
റെൻഫെയുടെ ഒരു എവിഇ ട്രെയിൻ ഇറിയോ ട്രെയിനിന്റെ പിന്നിൽ ഇടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഗതാഗത മന്ത്രാലയ വക്താവ് അറിയിച്ചു. എന്നാൽ അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടത്തെത്തുടർന്ന് മാഡ്രിഡിനെയും അൻഡലൂഷ്യയെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ പാതയിലെ ഗതാഗതം പൂർണമായും നിർത്തിവച്ചു. മാഡ്രിഡ്, സിയുഡാഡ് റിയൽ, അൻഡലൂഷ്യ എന്നിവിടങ്ങൾക്കിടയിലെ സർവീസുകൾ നിർത്തിയതായി റെൻഫെ അറിയിച്ചു.
അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി അധികൃതരുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്ന് ഇറിയോയും പ്രസ്താവനയിൽ വ്യക്തമാക്കി. ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്ന സമയത്തെക്കുറിച്ച് വ്യക്തതയില്ലാത്തതിനാൽ യാത്രക്കാർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
