കിഫ്ബി ഭൂമി ഏറ്റെടുക്കലിൽ വിജിലൻസ് അന്വേഷണം; സുധാ പിള്ള സമിതി റിപ്പോർട്ട് അടിസ്ഥാനം

കിഫ്ബി വഴി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഭൂമി ഏറ്റെടുക്കലിൽ ക്രമക്കേടുകൾ കണ്ടെത്തിയെന്ന സുധാ പിള്ള സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്.

കിഫ്ബിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തെത്തിയതിന് പിന്നാലെയാണ് അന്വേഷണ പ്രഖ്യാപനം. കിഫ്ബി സർക്കാരിന് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും ധനവകുപ്പിനെ നോക്കുകുത്തിയാക്കിയെന്നുമാണ് മുഖ്യമന്ത്രി ആരോപിച്ചത്.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലെ വീഴ്ചകളും ക്രമക്കേടുകളും വിശദമായി പരിശോധിക്കുന്നതിനാണ് വിജിലൻസിനെ ചുമതലപ്പെടുത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ധനകാര്യ, റവന്യൂ വകുപ്പുകളുടെ സാങ്കേതിക സഹായവും ലഭ്യമാക്കും.

അതേസമയം, മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളം വർധിപ്പിക്കുന്നതിനുള്ള കരട് ബില്ലിനും മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും.

മറുപടി രേഖപ്പെടുത്തുക