നിർബന്ധിത സൈനിക സേവനത്തിനെതിരെ പൊതുജനങ്ങളിൽ എതിർപ്പ് നിലനിൽക്കുന്നതിനിടെ, രാജ്യത്തെ എല്ലാ യോഗ്യരായ പുരുഷന്മാർക്കും നിർബന്ധിത സൈനിക സേവനം ഏർപ്പെടുത്താൻ ലിത്വാനിയയുടെ തീരുമാനം. നിലവിൽ തിരഞ്ഞെടുത്ത വിഭാഗങ്ങളിൽ നിന്നാണ് സൈനികരെ റിക്രൂട്ട് ചെയ്യുന്നത്. പുതിയ പദ്ധതി നടപ്പാകുന്നതോടെ സ്ത്രീകൾക്ക് സൈനിക സേവനം സന്നദ്ധാടിസ്ഥാനത്തിൽ തുടരാം.
വാർഷിക സൈനിക റിക്രൂട്ട്മെന്റ് 5,000ത്തിൽ നിന്ന് ഏകദേശം 7,500 പുരുഷന്മാരായി ഉയർത്തുമെന്ന് പ്രസിഡന്റ് ഗിറ്റാനസ് നൗസേദ വ്യാഴാഴ്ച അറിയിച്ചു. സ്റ്റേറ്റ് ഡിഫൻസ് കൗൺസിൽ യോഗത്തിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. നിർബന്ധിത സൈനിക സേവനം അനിവാര്യവും ഒഴിവാക്കാനാകാത്തതുമാണെന്ന് പ്രധാനമന്ത്രി മിൻഡൗഗാസ് സിങ്കെവിഷ്യസ് പ്രതികരിച്ചു.
2015ലാണ് ലിത്വാനിയ ഭാഗിക നിർബന്ധിത സൈനിക സേവനം പുനഃസ്ഥാപിച്ചത്. ഇതിന് സമാനമായി യൂറോപ്പിലെ മറ്റ് രാജ്യങ്ങളും സൈനിക റിക്രൂട്ട്മെന്റ് ശക്തമാക്കാനുള്ള നീക്കത്തിലാണ്. 2009ൽ നിർബന്ധിത സൈനിക സേവനം അവസാനിപ്പിച്ച പോളണ്ട് അത് പുനഃസ്ഥാപിക്കുന്നതും സ്ത്രീകളെയും പുരുഷന്മാരെയും ഉൾപ്പെടുത്തി പുതിയ സംവിധാനം കൊണ്ടുവരുന്നതും പരിഗണിക്കുന്നുണ്ട്. എന്നാൽ 18നും 24നും ഇടയിൽ പ്രായമുള്ള പോളിഷ് യുവാക്കളിൽ 53 ശതമാനവും നിർബന്ധിത സേവനം പുനഃസ്ഥാപിക്കുന്നതിനെ എതിർക്കുന്നതായാണ് സർവേ.
ജർമനി 18 വയസ്സുള്ള പുരുഷന്മാർക്ക് നിർബന്ധിത സൈനിക രജിസ്ട്രേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ സൈനിക സേവനം സന്നദ്ധാടിസ്ഥാനത്തിലാണെങ്കിലും റിക്രൂട്ട്മെന്റ് ലക്ഷ്യം കൈവരിക്കാനാകാത്ത സാഹചര്യത്തിലോ സുരക്ഷാ ഭീഷണി വർധിച്ചാലോ നിർബന്ധിത സേവനം നടപ്പാക്കാൻ പാർലമെന്റിന് അധികാരമുണ്ട്. അതേസമയം, യൂറോപ്പിന്റെ സൈനികവൽക്കരണ നീക്കങ്ങൾക്കെതിരെ റഷ്യ രംഗത്തെത്തിയിട്ടുണ്ട്. നാറ്റോ രാജ്യങ്ങളെ ആക്രമിക്കാൻ ഉദ്ദേശ്യമില്ലെന്ന് ആവർത്തിക്കുന്ന റഷ്യ, അതിർത്തികൾക്ക് സമീപമുള്ള സൈനിക വിന്യാസം മേഖലയിലെ സംഘർഷസാധ്യത വർധിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
