കണ്ണൂർ ജില്ലാ പഞ്ചായത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പി.പി. ദിവ്യയ്ക്കെതിരായ വിജിലൻസ് അന്വേഷണത്തിന്റെ ചുമതല ഉത്തരമേഖല എസ്പിക്ക് കൈമാറി. അന്വേഷണത്തിൽനിന്ന് കണ്ണൂർ വിജിലൻസ് യൂണിറ്റിനെ ഒഴിവാക്കി. കണ്ണൂർ യൂണിറ്റിലെ ഇൻസ്പെക്ടർ ബിനു മോഹനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിരുന്നു.
കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണമാണ് വിജിലൻസ് നടത്തുക. ബിനാമി ഇടപാടുകളും അനധികൃത സ്വത്ത് സമ്പാദനവും അന്വേഷണ പരിധിയിൽ വരും. പി.പി. ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ടെൻഡർ നടപടികളില്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമാണ കരാർ നൽകിയെന്ന പരാതിയിലാണ് അന്വേഷണം. കമ്പനി ബിനാമിയാണെന്നും ദിവ്യ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നുമാണ് പരാതിയിലെ ആരോപണം.
