ചേരാനെല്ലൂരിൽ 17കാരൻ ഓടിച്ച വാഹനമിടിച്ച് തട്ടുകട ഉടമ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ പ്രതിയുടെ പിതാവായ ജഡ്ജി തന്നെ വിളിച്ചിട്ടില്ലെന്ന് സ്ഥലംമാറ്റപ്പെട്ട കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. ഇക്കാര്യം തുറന്നുപറയാൻ ഇനി മറ്റൊരു അവസരം ലഭിക്കില്ലെന്നതിനാലാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേസ് ആരംഭിച്ചതുമുതൽ പുറത്തുനിന്ന് ആരും തന്നോട് സംസാരിച്ചിട്ടില്ലെന്നും ജഡ്ജിയുമായോ മറ്റാരുമായോ കേസുമായി ബന്ധപ്പെട്ട് യാതൊരു ഇടപാടും നടത്തിയിട്ടില്ലെന്നും കാളിരാജ് വ്യക്തമാക്കി. അന്വേഷണം തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ടുപോയതെന്നും അതേ രീതിയിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ജഡ്ജിയോ മറ്റാരെങ്കിലുമോ കേസുമായി ബന്ധപ്പെട്ട് ഒരു അഭ്യർഥനയും നടത്തിയിട്ടില്ല. നിയമവിരുദ്ധമായ അഭ്യർഥനകൾക്ക് വഴങ്ങുന്ന ആളല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥലംമാറ്റത്തിൽ തനിക്ക് വിഷമമില്ലെന്നും സർക്കാർ സർവീസിലുള്ള പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം ജോലിയുടെ ഭാഗമാണെന്നും കാളിരാജ് പറഞ്ഞു.
കൊച്ചിയിൽ മികച്ച അനുഭവമായിരുന്നു ഉണ്ടായിരുന്നതെന്നും നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചി ഏറെ സാധ്യതകളുള്ള നഗരമാണെന്നും കാളിരാജ് കൂട്ടിച്ചേർത്തു.
ചേരാനെല്ലൂർ വാഹനാപകടക്കേസിന്റെ അന്വേഷണ മേൽനോട്ടത്തിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ തുടർന്നാണ് കാളിരാജ് മഹേഷ് കുമാറിനെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്തുനിന്ന് മാറ്റിയത്. പകരം നിശാന്തിനിയെ പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു.
