‘രാമായണ’ത്തിന് ആശംസകളുമായി പാകിസ്ഥാനിലെ ഹിന്ദു സമൂഹം; കറാച്ചിയിൽ പ്രത്യേക പ്രാർഥനയും ഘോഷയാത്രയും

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണം: ദി റൈസ് ഓഫ് എ ലെജൻഡ്’ റിലീസിന് മുമ്പേ രാജ്യാന്തര ശ്രദ്ധ നേടുന്നു. ചിത്രത്തിന്റെ വിജയത്തിനായി പാകിസ്ഥാനിലെ കറാച്ചിയിൽ ഹിന്ദു സമൂഹം പ്രത്യേക ആഘോഷങ്ങളും പ്രാർഥനകളും സംഘടിപ്പിച്ചു. സിനിമയുടെ പോസ്റ്ററുകളുമായി തെരുവുകളിൽ ഘോഷയാത്ര നടത്തിയ സംഘം പിന്നീട് കറാച്ചിയിലെ പ്രശസ്തമായ ലക്ഷ്മി നാരായൺ ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകളും പ്രാർഥനകളും നടത്തി.

പ്രാദേശിക യൂട്യൂബർ പങ്കുവെച്ച വീഡിയോയിലാണ് ആഘോഷങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഡ്രമ്മുകളും പരമ്പരാഗത സംഗീതവും നൃത്തവുമൊക്കെയായി ചിത്രത്തിന്റെ പോസ്റ്ററുകൾ ഉയർത്തിപ്പിടിച്ചായിരുന്നു ഘോഷയാത്ര. ക്ഷേത്രത്തിലെത്തിയ ശേഷം സിനിമയുടെ വിജയത്തിനായി പ്രാർഥിക്കുകയും പ്രധാന അഭിനേതാക്കളായ രൺബീർ കപൂർ, സായ് പല്ലവി, യാഷ്, സംവിധായകൻ നിതീഷ് തിവാരി എന്നിവർക്കും സിനിമാ സംഘത്തിനും ആശംസകൾ നേരുകയും ചെയ്തു.

‘പാകിസ്ഥാനിലെ ഹിന്ദുക്കൾക്ക് രാമായണം വെറുമൊരു സിനിമയല്ല. കഥയും സാംസ്കാരിക പ്രാധാന്യവും തലമുറകളായി കൈമാറിവന്ന പൈതൃകവുമായി ഞങ്ങളെ ബന്ധിപ്പിക്കുന്നു. ചിത്രം ലോകമെമ്പാടും വിജയിക്കണമെന്നാണ് ആഗ്രഹം’ എന്നായിരുന്നു വീഡിയോയിൽ പങ്കെടുത്തവരുടെ പ്രതികരണം. ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയം നേടുന്നതിനൊപ്പം ഓസ്കാർ പുരസ്കാരവും സ്വന്തമാക്കുമെന്ന പ്രതീക്ഷയും അവർ പങ്കുവെച്ചു.

അതേസമയം, ചിത്രത്തിന്റെ പ്രീമിയർ പ്രദർശനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ലോസ് ഏഞ്ചൽസിൽ നടന്ന പ്രദർശനത്തിനു ശേഷം ലെറ്റർബോക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ പ്രേക്ഷകർ അഭിപ്രായങ്ങൾ പങ്കുവെച്ചു. അഭിനേതാക്കളുടെ പ്രകടനം, സംഗീതം, ദൃശ്യവിസ്മയം, വൈകാരിക രംഗങ്ങൾ എന്നിവയ്ക്ക് പ്രശംസ ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ശ്രീരാമനായി രൺബീർ കപൂറിന്റെയും രാവണനായി യാഷിന്റെയും പ്രകടനങ്ങൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടതായും അവകാശപ്പെടുന്നു.

നമിത് മൽഹോത്ര നിർമ്മിക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് ഒരുങ്ങുന്നത്. ആദ്യ ഭാഗമായ ‘രാമായണം: ദി റൈസ് ഓഫ് എ ലെജൻഡ്’ നവംബർ അഞ്ചിന് ദീപാവലി റിലീസായി ലോകമെമ്പാടും പ്രദർശനത്തിനെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. രണ്ടാം ഭാഗം 2027-ലെ ദീപാവലിക്ക് റിലീസ് ചെയ്യും. ചിത്രത്തിൽ രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും യാഷ് രാവണനായും വേഷമിടുന്നു.

മറുപടി രേഖപ്പെടുത്തുക