ബോളിവുഡിലെ കരിയറിന്റെ തുടക്കത്തിൽ നേരിട്ട ചില മോശം അനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി തപ്‌സി പന്നു. സിനിമയിൽ ഒപ്പുവെച്ചതിന് ശേഷമാണ് തന്നെ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതെന്നും കാരണം അന്വേഷിച്ചപ്പോൾ ‘നായകന്റെ ഭാര്യക്ക് തന്നെ ഇഷ്ടമായില്ല’ എന്നാണ് അറിയിച്ചതെന്നും തപ്‌സി വെളിപ്പെടുത്തി.
നയൻദീപ് രക്ഷിതിന് നൽകിയ അഭിമുഖത്തിലാണ് തപ്‌സി ഇക്കാര്യം പറഞ്ഞത്. സിനിമയിൽ ഒപ്പുവെച്ച ശേഷമാണ് തന്നെ ഒഴിവാക്കിയത്. കാരണം ചോദിച്ചപ്പോൾ നായകന്റെ ഭാര്യക്ക് തന്നെ ഇഷ്ടമായില്ലെന്നാണ് പറഞ്ഞത്. എന്നാൽ, എന്തുകൊണ്ടാണ് അവർക്ക് തന്നെ ഇഷ്ടപ്പെടാതിരുന്നതെന്ന് ഇപ്പോഴും അറിയില്ലെന്നും തപ്‌സി പറഞ്ഞു. എന്നാൽ, സംഭവത്തിൽ ഉൾപ്പെട്ട നടന്റെയും ഭാര്യയുടെയും പേരുകൾ അവർ വെളിപ്പെടുത്തിയില്ല.
മറ്റൊരു സിനിമയിൽ നിന്ന് തന്നെ ഒഴിവാക്കിയതിന്റെ കാരണവും തപ്‌സി പങ്കുവെച്ചു. പ്രശസ്തനായ ഒരു നടന് തന്നോട് വളരെ അടുപ്പമുള്ള മറ്റൊരു നടിയെ ചിത്രത്തിൽ തന്റെ സ്ഥാനത്ത് കൊണ്ടുവരണമെന്ന ആഗ്രഹമുണ്ടായിരുന്നതിനാലാണ് തന്നെ ഒഴിവാക്കിയതെന്ന് തപ്‌സി പറഞ്ഞു.
അഭിനേതാക്കളെ ഒരേ തരത്തിലുള്ള കഥാപാത്രങ്ങളിലേക്ക് മാത്രം പരിമിതപ്പെടുത്തുന്ന പ്രവണതയെയും തപ്‌സി വിമർശിച്ചു. ചില അഭിനേതാക്കൾ ഗ്ലാമർ വേഷങ്ങളിലേക്കും മറ്റുചിലർ ഗൗരവമുള്ള കഥാപാത്രങ്ങളിലേക്കും മാത്രം ഒതുക്കപ്പെടുന്ന സാഹചര്യമുണ്ട്. തന്റെ കാര്യത്തിൽ അത്തരമൊരു ടൈപ്പ്കാസ്റ്റിംഗ് ഉണ്ടാകാതിരിക്കാൻ ചില വേഷങ്ങൾ താൻ ബോധപൂർവം നിരസിക്കാറുണ്ടെന്നും നടി വ്യക്തമാക്കി.
‘അസി’, ‘ഗാന്ധാരി’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ തപ്‌സി പന്നു അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.
